സിന്ധുവിന്റെ ജയം: സൈന നെഹ്‌വാളിനെ ട്വിറ്ററില്‍ പരിഹസിച്ചയാള്‍ സൈനയുടെ മറുപടി കേട്ട് മാപ്പു പറഞ്ഞു

saina-nehwal

ദില്ലി: റിയോ ഒളിമ്പിക്‌സില്‍ വനിതാ വിഭാഗം ബാഡ്മിന്റണില്‍ ഫൈനലില്‍ കടന്ന ഇന്ത്യന്‍ താരം പിവി സിന്ധുവിന് അഭിനന്ദ പ്രവാഹമാണ്. സിന്ദുവിനെ പുകഴ്ത്തിയും സിന്ധുവിന് വേണ്ടി പ്രാര്‍ത്ഥിച്ചും സാമൂഹ്യമാധ്യമങ്ങളും താരത്തിന്റെ നേട്ടം ആഘോഷമാക്കുകയാണ്. എന്നാല്‍ ഇതിനിടയിലും ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സൈന നെഹ്‌വാളിനെ പരിഹസിക്കാനാണ് ചിലര്‍ സമയം കണ്ടെത്തുന്നത്.

ഇത്തരത്തില്‍ സൈനയെ പരിഹസിക്കാന്‍ ശ്രമിച്ച് മനം മാറിയ ഒരാളുടെ ട്വീറ്റാണ് ഇപ്പോള്‍ വിഷയം.
സൈനയ്ക്ക് യോഗ്യത നേടാനാവാത്തിനെ പരിഹസിച്ചാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്. ‘പ്രിയ്യപ്പെട്ട സൈനാ, നിങ്ങളുടെ ബാഗ് പാക്ക് ചെയ്‌തോളു. മികച്ച കളിക്കാരെ എങ്ങനെ തോല്‍പിക്കണമെന്ന് അറിയാവുന്ന ഒരാളെ ഞങ്ങള്‍ കണ്ടെത്തി’. ഇതായിരുന്നു അന്‍ഷുല്‍ സാഗര്‍ എന്നയാളുടെ ട്വീറ്റ്. എന്നാല്‍ അക്ഷോഭ്യത ഒട്ടും കൂടാതെയാണ് സൈന ഇയാള്‍ക്ക് മറുപടി പറഞ്ഞത്. ‘നിങ്ങള്‍ക്ക് നന്ദി, ഇന്ത്യയും സിന്ധുവും നന്നായിട്ട് ചെയ്യുന്നുണ്ട്’. സൈന മറുപടി പറഞ്ഞു.

സൈനയെ പ്രകേപിപ്പിക്കാന്‍ ട്വീറ്റ് ചെയ്തയാള്‍ ഉടന്‍ തന്നെ താരത്തോട് മാപ്പും പറഞ്ഞു. ‘സൈനാ, നിങ്ങളെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. വേദനിപ്പിക്കണമെന്ന് കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും നിങ്ങളെ ഇഷ്ടപ്പെടുന്നുണ്ട്, ഇപ്പോഴും നിങ്ങളുടെ വലിയ ആരാധകനാണെന്നും ഇയാള്‍ ട്വീറ്റ് ചെയ്തു. പ്രകോപിതയാകാതിരുന്ന സൈനയ്ക്ക് പിന്തുണയായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഐക്കണായ സൈന തന്നെ തുടരുമെന്ന് ചിലര്‍ പ്രതികരിച്ചു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരത്തെ അപമാനിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ആരാധകരും രംഗത്തെത്തി. സൈനയുടെ വരവ് ഇന്ത്യയില്‍ ബാഡ്മിന്റനുണ്ടാക്കിയ കുതിപ്പ് വളരെ വലുതാണ്. വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയതോടെ ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പുതിയ സൂപ്പര്‍താരമായി വളര്‍ന്നു. ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങള്‍ നേടിയിട്ടുള്ളയാള്‍ കൂടിയാണ് സൈന.

DONT MISS
Top