ക്യാമറ എല്ലാം കാണുന്നുണ്ട്; ഇന്ന് ലോക ഫോട്ടോഗ്രഫി ദിനം

photo

മറ്റേതൊരു കലയേക്കാളും വളരുകയും അംഗീകാരം നേടുകയും ചെയ്ത ഫോട്ടോഗ്രാഫിയോടൊപ്പം ജീവിക്കുകയാണ് ഇന്ന് ലോകം. യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ഇരുളും, നെഞ്ചില്‍ കാത്തു സൂക്ഷിക്കാന്‍ കൊതിക്കുന്ന മനോഹര നിമിഷങ്ങളുടെ വെളിച്ചവും പകര്‍ത്തി കാലങ്ങളിലേക്ക് കാത്തുസൂക്ഷിച്ച ഫോട്ടോഗ്രഫി. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ദൃശ്യങ്ങള്‍ ഓരോനിമിഷവും ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുന്നു.

കെവിന്‍ കാര്‍ട്ടര്‍ സുഡാനില്‍ നിന്നും പകര്‍ത്തിയ ലോകത്തെ കരയിച്ച ചിത്രം

1839 ഓഗസ്റ്റ് 19നാണ് ആദ്യത്തെ ഫോട്ടോ സൃഷ്ടിക്കപ്പെട്ടതെന്ന് രേഖകള്‍ പറയുന്നു. ഫോട്ടോഗ്രാഫി എന്ന വിസ്മയത്തിന്റെ തുടക്കം അവിടെയായിരുന്നു. ഫോട്ടോഗ്രാഫിയുടെ 177ആം ജന്മദിനത്തിലെത്തി നില്‍ക്കുമ്പോള്‍ ഇന്ന് എല്ലാം ഡിജിറ്റല്‍ സ്വപ്നങ്ങളാണ്. ഫിലിം റോളുകളും ഭീമന്‍ ക്യാമറകളുമെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞു.

എപി ഫോട്ടോഗ്രാഫര്‍ നിക്ക് ഉത് പകര്‍ത്തിയത് (വിയറ്റ്നാം യുദ്ധം)

ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന ചെറു ചലനങ്ങള്‍ പോലും വീട്ടിലെ ടിവി സ്‌ക്രീനില്‍ തത്സമയം ദര്‍ശിക്കുന്ന തലം വരെ ഫോട്ടോഗ്രാഫി വളര്‍ന്നിരിക്കുന്നു. മറന്നു പോയേക്കാവുന്ന മഹാസംഭവങ്ങളെ പുതിയ തലമുറയ്ക്ക് കാട്ടിക്കൊടുത്തു. സിനിമയെന്ന വിപ്ലവത്തിലൂടെ വിനോദത്തിന്റെ വിശാലമായ കാഴ്ച തുറന്നുവച്ചു.

വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഡ്ഡി ആദംസ് പകര്‍ത്തിയ ചിത്രം

സിറിയയില്‍ ആഭ്യന്തരയുദ്ധത്തിന്റെ നേര്‍ചിത്രമായി മാറിയ ബാലന്റെ കരളലിയിക്കുന്ന ചിത്രങ്ങള്‍ ഫോട്ടോഗ്രഫി ദിനത്തിലും ചര്‍ച്ചയായത് യാദൃശ്ചികം മാത്രം.

syria

ദില്ലിയില്‍ അപകടത്തില്‍ പരുക്കേറ്റ് കിടക്കുന്നയാളെ ഗൗനിക്കാതെ അയാളുടെ ഫോണ്‍ മോഷ്ടിച്ച് കടന്നു കളഞ്ഞത് ദൃശ്യമാധ്യമങ്ങളില്‍ കാണാനായത്, റിയോ ഒളിമ്പിക്‌സില്‍ പരുക്കേറ്റ് ട്രാക്കില്‍ വീണ സഹതാരത്തെ കൈപിടിച്ച് എഴുന്നേല്‍പിച്ച് സ്‌പോര്‍ട്മാന്‍ സ്പിരിറ്റ് എന്തെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാനായത്, ഇനിയും പകര്‍ത്താനും ലോകത്തെ സാക്ഷിയാക്കാനും നിമിഷങ്ങള്‍ ഏറെ.

rio

കേരളത്തിന്റെ സാമൂഹ്യമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ ചില ഫോട്ടോഗ്രാഫി അനുഭവങ്ങളും ഈയവസരത്തില്‍ സ്മരിക്കാം.

വിക്ടര്‍ ജോര്‍ജ്ജ്

കണ്ണേ മടങ്ങുക എന്ന തലക്കെട്ടോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഒന്‍പതാം വാര്‍ഡിന്റെ ദുരിത ദൃശ്യം പകര്‍ത്തിയ ബിനുലാല്‍ മലയാളിക്കു നല്‍കിയത്, വെള്ളിയാനി മലയില്‍ ഉരുള്‍പൊട്ടല്‍ ചിത്രീകരിക്കാന്‍ പോയ മനോരമ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ മരണവും. ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് ജീവിതവും ക്യാമറയും തമ്മിലുള്ള ഇഴുകിച്ചേരലിന്റെ ആനന്ദമുഹൂര്‍ത്തങ്ങളെ പറ്റിയുള്ള ചിന്തകള്‍ക്കായി മാറ്റിവയ്ക്കാം.

DONT MISS
Top