കനയ്യ സാക്ഷി, ദലിതര്‍ മര്‍ദ്ദിക്കപ്പെട്ട ഗുജറാത്തിലെ ഉനയില്‍ വെമൂലയുടെ അമ്മ പതാക ഉയര്‍ത്തി

ഉനയിലെ ചടങ്ങില്‍ നിന്ന്

ഉനയിലെ ചടങ്ങില്‍ നിന്ന്

ഗുജറാത്ത്: ഗുജറാത്തിലെ ഉന അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ സ്ഥലമാണ്. ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞെന്ന് ആരോപിച്ച് ദലിത് യുവാക്കളെ ഒരു സംഘം ഗോസംരക്ഷര്‍ മൃഗീയമായി മര്‍ദ്ദിച്ചതിന്റെ പേരിലായിരുന്നു ഉന വാര്‍ത്താ പ്രാധാന്യം നേടിയത്. ഇന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ഉന വീണ്ടും ദേശീയ ശ്രദ്ധ നേടി. ദലിതരെ മര്‍ദ്ദിച്ച മണ്ണില്‍, രാധിക വെമൂല എന്ന ആരും മറക്കാന്‍ ഇടയില്ലാത്ത ഒരമ്മ ദേശീയ പതാക ഉയര്‍ത്തി. ഈ ത്രിവര്‍ണ പതാകയില്‍ ഉയര്‍ന്നത് ദേശീയത മാത്രമായിരുന്നില്ല, ഇന്നും അവഗണിക്കപ്പെട്ട് കിടക്കുന്ന ഒരു വര്‍ഗ്ഗത്തിന്റെ മുഴുവന്‍ ആത്മാഭിമാനമായിരുന്നു, അവഗണനയോടുള്ള പ്രതിഷേധമായിരുന്നു.

രാധിക വെമൂല ചടങ്ങില്‍

രാധിക വെമൂല ചടങ്ങില്‍

രോഹിത് വെമൂല എന്ന, ദലിത് പീഡനത്തിന്റെ ഇന്നും മരിക്കാത്ത നൊമ്പരപ്പെടുത്തുന്ന ഓര്‍മയുടെ മാതൃത്വത്തിന് ഇന്ത്യയെന്ന മാതാവ് നല്‍കിയ സല്യൂട്ടായിരുന്നു ഈ സ്വാതന്ത്ര്യ ദിനത്തിലെ ഏറ്റവും മനോഹര ദൃശ്യം. ഉനയിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒത്തുകൂടിയ ആയിരക്കണക്കിന് ദലിതര്‍ ഒരു മഹാശപഥവുമായാണ് തിരികെ പോയത്. ചത്ത പശുക്കളെ നീക്കം ചെയ്യാനോ, തോട്ടിപ്പണിക്കോ ഇനി തങ്ങള്‍ ഇല്ലെന്ന ഉറച്ച പ്രതിജ്ഞയുമായാണ് സംഘം മടങ്ങിയത്.

കനയ്യ കുമാര്‍ ചടങ്ങില്‍

കനയ്യ കുമാര്‍ ചടങ്ങില്‍

ഓഗസ്റ്റ് നാലിന് അഹമ്മദാബാദില്‍ നിന്ന് ആരംഭിച്ച ദലിത് അസ്മിത (അഭിമാന) യാത്രയുടെ സമാപനമായിരുന്നു ഉനയില്‍ നടന്നത്. പത്തുദിവസം കൊണ്ട് 350 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ഉനയില്‍ എത്തിയത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

DONT MISS
Top