9.81 സെക്കന്റില്‍ റിയോ ട്രാക്കില്‍ ‘ബോള്‍ട്ടിട്ടു’; 100 മീറ്റര്‍ അതിവേഗ മത്സരത്തില്‍ ബോള്‍ട്ടിന് സ്വര്‍ണം

BOLT

വേഗരാജാവായി ഉസൈന്‍ ബോള്‍ട്ട്

റിയോ: ട്രാക്കിലെ വേഗരാജാവ് ആരാണെന്ന ചോദ്യത്തിന് ഉസൈന്‍ ബോള്‍ട്ട് വീണ്ടും ഉത്തരം നല്‍കിയിരിക്കുന്നു. റിയോ ഒളിമ്പിക്‌സിലെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ 9.81 സെക്കന്റ് രേഖപ്പെടുത്തി ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട്, ഒളിമ്പിക്‌സ് ട്രാക്കിലെ ‘ട്രിപ്പിള്‍-ട്രിപ്പിള്‍’ സ്വര്‍ണ്ണ വേട്ടയുടെ ആദ്യ കടമ്പ പൂര്‍ത്തീകരിച്ചു. പുരുഷന്‍മാരുടെ 100 മീറ്റര്‍ അതിവേഗ ഇനത്തില്‍ തുടര്‍ച്ചയായുള്ള മൂന്നാം സ്വര്‍ണ്ണമാണ് ബോള്‍ട്ട് കരസ്ഥമാക്കിയിരിക്കുന്നത്.
തുടക്കത്തില്‍ ഒരല്‍പം പതറിയെങ്കിലും അതിവേഗ ചുവടുകളാല്‍ ഫിനിഷിങ്ങ് ലൈനിലേക്ക് ഉസൈന്‍ ബോള്‍ട്ട് കുതിച്ചെത്തുകയായിരുന്നു. 9.89 സെക്കന്റ് രേഖപ്പെടുത്തി ജസ്റ്റിന്‍ ഗാട്ട്‌ലിനും, 9.91 സെക്കന്റ് രേഖപ്പെടുത്തി ആന്ദ്രേ ദെ ഗ്രാസ്സും യഥാക്രമം രണ്ടും മുന്നും സ്ഥാനം നേടി ബോള്‍ട്ടിന് പിന്നിലായി നിലകൊണ്ടു. ജസ്റ്റിന്‍ ഗാട്ട്‌ലിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും, ബോള്‍ട്ടിന്റെ മുന്നേറ്റത്തെ തടുക്കാന്‍ ഗാട്ട്‌ലിന്‍ സാധിച്ചില്ല.

bolte

പരുക്ക് അലട്ടിയതിനാല്‍ നിറം മങ്ങിയ സെമി പ്രവേശനം നേടിയ ബോള്‍ട്ട് പക്ഷെ, ഫൈനല്‍ പ്രവേശനം രാജകീയമായി നേടുകയായിരുന്നു. സെമിയില്‍ 9.86 സെക്കന്റ് രേഖപ്പെടുത്തിയ ഉസൈന്‍ ബോള്‍ട്ട് ഫൈനലില്‍ യുഎസിന്റെ ജസ്റ്റിന്‍ ഗാട്ട്‌ലിനുമായും, ജമൈക്കന്‍ സഹതാരം യോഹാന്‍ ബ്ലേക്കുമായും കടുത്ത മത്സരം പ്രവചിച്ചിരുന്നു. തന്റെ നേട്ടം, ജമൈക്കന്‍ ജനതയ്ക്ക് വേണ്ടിയാണ് എന്ന ട്വീറ്റും മത്സരത്തിന്റെ പിന്നാലെ ബോള്‍ട്ട് നല്‍കി.

തുടര്‍ച്ചയായി 2008 ബീജിങ്ങ് ഒളിമ്പിക്‌സിലും, 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും, 100, 200, 4×100 മീറ്റര്‍ മത്സരങ്ങളില്‍ സ്വര്‍ണ്ണ കൊയ്ത്ത് നടത്തിയ ബോള്‍ട്ട്, റിയോയിലും പ്രകടനം ആവര്‍ത്തിക്കുമെന്ന് കായിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ഇന്നലെ നടന്ന വനിതാ വിഭാഗം 100 മീറ്റര്‍ അതിവേഗ മത്സരത്തില്‍ ജമൈക്കന്‍ താരമായ എലെയ്‌ന തോംസണും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

DONT MISS
Top