ആറന്‍മുളയ്ക്ക് വീണ്ടും ചിറക് മുളക്കുമ്പോള്‍

aranmula

ഒരു ഇടവേളയ്ക്ക് ശേഷം ആറന്‍മുള വിമാനത്താവള പദ്ധതിയ്ക്ക് ചിറക് മുളക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ആറന്‍മുളയില്‍ വിമാനത്താവള പദ്ധതി കൊണ്ടുവരുന്നത്. ഏക്കറുകണക്കിന് നെല്‍വയലുകള്‍ നികത്തിയാണ് പദ്ധതിക്കായി കെജിഎസ് ഗ്രൂപ്പ് തയ്യാറെടുപ്പുകള്‍ നടത്തിയത്. ഒരു നാടിന്റെ തന്നെ ജലത്രോസായ കരിമാരന്‍തോടും കോഴിതോടും മണ്ണിട്ടു നികത്തി ജലവിതാനത്തെ തന്നെ തടഞ്ഞു. ഇതിലൂടെ ഗുരുതര പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്.

ഈ രണ്ട് തോടുകളും ഒഴുകിയെത്തുന്നത് പമ്പ നദിയിലാണ്. പമ്പയുടെ കൈവഴിയായ രണ്ട് തോടും നികത്തുമ്പോള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ തന്നെ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചാണ് പദ്ധതിയുമായി വീണ്ടും കെജിഎസ് മുന്നോട്ട് പോകുന്നത്.

കരിമാരന്‍തോടും കോഴിത്തോടും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഹൈക്കോടതി രണ്ട് വര്‍ഷം മുമ്പ് പത്തനംതിട്ട ജില്ലാ ഭരണക്കൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒന്നര മാസം കൊണ്ടാണ് തോടുകള്‍ പുനസ്ഥാപിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പോലും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

പദ്ധതിപ്രദേശം വ്യവസായ മേഖലയായിട്ടുള്ള പ്രഖ്യാപനം പിന്‍വലിക്കാത്തതും കെജിഎസിന് സഹായകരമായി. ആറന്‍മുളയില്‍ കൃഷിയിറക്കണമെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കൃഷിമന്ത്രി സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും കൈയ്യേറ്റ ഭൂമിയായിട്ടുള്ള 56 ഹെക്ടര്‍ ഭൂമി ലാന്‍ഡ്‌ബോര്‍ഡ് യോഗം ചേര്‍ന്ന് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതും നടപ്പിലായില്ല.

ഇതിനിടെയാണ് കെജിഎസിന് പാരിസ്ഥിതികപഠനം നടത്താന്‍ കേന്ദ്രപാരിസ്ഥിതിക മന്ത്രാലയം അനുമതി നല്‍കിയത്. പ്രതിരോധമന്ത്രാലയം എന്‍ഒസി നല്‍കിയതിനാലാണ് പരിസ്ഥിതി മന്ത്രാലയം പഠനാനുമതി നല്‍കിയത്.

വിമാനത്താവളത്തിന്റെ റദ്ദാക്കപ്പെട്ട എന്‍ഒസി കേന്ദ്ര വ്യോമയാന മന്ത്രാലയം പുതുക്കി നല്‍കി എന്നാണ് രേഖകള്‍. കഴിഞ്ഞ മാര്‍ച്ചില്‍ എന്‍ഒസി പുതുക്കി നല്‍കിയതു കൊണ്ടാണ് കെജിഎസ് ഗ്രൂപ്പിന് വീണ്ടും കേന്ദ്ര വനംപരിസ്ഥിതി മന്ത്രായത്തെ സമീപിക്കാന്‍ സാധിച്ചത്. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം മറികടന്നാണ് പ്രതിരോധ മന്ത്രാലയം എന്‍ഒസി നല്‍കിയത്. വിമാനത്താവള പദ്ധതിക്കുള്ള എന്‍ഒസി കഴിഞ്ഞ മാര്‍ച്ച് 28നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വീണ്ടും നല്‍കിയത്.

കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ

2015ല്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയ എന്‍ഒസിയാണ് പ്രതിരോധ മന്ത്രാലയം പുതുക്കി നല്‍കിയത്. ഈ എന്‍ഒസി കിട്ടിയതു കൊണ്ടാണ് പാരിസ്ഥിതിക പഠനം നടത്താന്‍ കെജിഎസിന് വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാന്‍ സാധിച്ചതും. വിമാനത്താവള പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത് പിന്‍വലിക്കാത്തതും തുടര്‍ നീക്കങ്ങള്‍ക്ക് കെജിഎസിന് കരുത്ത് നല്‍കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കെജിഎസിന് അനുകൂലമായി പുറത്തിറക്കിയ ഉത്തരവുകള്‍ റദ്ദാക്കിയാല്‍ വിമാനത്താവളം പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടിവരും. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഒരു നാടിന്റെ ജീവനാഡി തന്നെ ഇല്ലാതാകും.

DONT MISS
Top