വിജയ് മല്ല്യയ്‌ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

vijay-mallya

വിജയ് മല്ല്യ (ഫയല്‍ ചിത്രം)

ദില്ലി: വിജയ് മല്ല്യയെ പ്രതി ചേര്‍ത്ത് സിബിഐ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ബിഐയില്‍ നിന്നും വായ്പയെടുത്ത 1,600 കോടി രൂപ തിരിച്ചടക്കുന്നതില്‍ വരുത്തിയ പാകപ്പിഴവാണ് പുതിയ കേസിനാധാരം. കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പ നല്‍കിയ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്ന എസ്ബിഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ് മല്ല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.

മുമ്പ് ഐഡിബിഐ ബാങ്കില്‍ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തിലും വിജയ് മല്ല്യയ്‌ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 17 ബാങ്കുകളില്‍ നിന്നായി 6,900 കോടി രൂപയാണ് വിജയ് മല്ല്യ വായ്പ എടുത്തിരിക്കുന്നത്.

നേരത്തെ മല്ല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന യുബി ഗ്രൂപ്പിന്റെ ഓഹരികള്‍ വിറ്റഴിച്ചത് വഴി 1,100 കോടി രൂപ തിരികെ പിടിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് സാധിച്ചിരുന്നു. എസ്ബിഐയെ കൂടാതെ  ഐഡിബിഐ (800 കോടി), രൂപയുടെ ബാങ്ക് ഓഫ് ഇന്ത്യ (650 കോടി ),  ബാങ്ക് ഓഫ് ബറോഡ (550 കോടി) സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (410 കോടി) എന്നിവയാണ് മല്യയ്ക്ക് വായ്പ നല്‍കിയിരിക്കുന്നത്.

കൂടാതെ യുസിഒ ബാങ്കില്‍ നിന്നും 320 കോടി രൂപയും കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് 310 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍ നിന്ന് 150 കോടി രൂപയും ഇന്ത്യന്‍ ഒവര്‍സീസ് ബാങ്കില്‍ നിന്ന് 140 കോടി രൂപയും ഫെഡറല്‍ ബാങ്കില്‍ നിന്ന് 90 കോടി രൂപയും പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ നിന്ന് 60 കോടി രൂപയും ആക്‌സിസ് ബാങ്കില്‍ നിന്ന് 50 കോടി രൂപയും വിജയ് മല്ല്യ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വായ്പയെടുത്തിട്ടുണ്ട്.

DONT MISS
Top