ചത്ത പശുവിന്റെ തൊലിയുരിച്ചു: ആന്ധ്രയില്‍ ദലിത് സഹോദരങ്ങളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു

dalith

വിജയ്‌വാഡ: ആന്ധ്രാപ്രദേശില്‍ ചത്ത പശുവിന്റെ തൊലിയുരിച്ചതിന് ദലിതര്‍ക്ക് നേരെ ഗോ സംരക്ഷകരുടെ അതിക്രമം. വിജയ്വാഡയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തൊലിയുരിച്ച ദലിത് സഹോദരന്‍മാരെയാണ് ഗോ സംരക്ഷകര്‍ നഗ്‌നരാക്കി മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. അമലാപുരം ജാനകിപേട്ട ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ചത്ത പശുവിന്റെ തോലെടുത്ത മൊകാതി എലിസ, മൊകാതി ലാസര്‍ എന്നിവരാണ് ഗോ രക്ഷകരുടെ ക്രൂരമര്‍ദനത്തിനിരയായത്. പശുവിന്റെ ഉടമസ്ഥന്‍ തന്നെയാണ് യുവാക്കളെ അതിന്റെ തൊലിയുരിച്ചെടുക്കാനായി ഏര്‍പ്പാടാക്കിയത്. എന്നാല്‍ ഇതറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ യുവാക്കള്‍ ഇരുവരും പശുവിനെ കൊന്നതാണെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. 100ഓളം ഗോ സംരക്ഷകര്‍ സഹോദരന്‍മാരെ പിടികൂടി ആക്രമിക്കുകയായിരുന്നു. മര്‍ദനമേറ്റ ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തില്‍ പട്ടികജാതിപട്ടികവകുപ്പ് വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങളെ ചെറുക്കാനുള്ള വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഗംഗാധര്‍, രമണ്‍ എന്നീ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. അക്രമം നടത്തിയവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാനുള്ള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു.

DONT MISS
Top