പ്രതീക്ഷ കാത്ത് ഇന്ത്യന്‍ ഹോക്കി ടീം: അർജൻറീനക്കെതിരെ ഇന്ത്യക്ക്​ ജയം

Untitled-1റിയോ: ഹോക്കിയില്‍ പ്രതീക്ഷ നിലനിര്‍ത്തി പി.ആര്‍ ശ്രീജേഷും സംഘവും. നിര്‍ണ്ണായക മത്സരത്തില്‍, അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റിയോയില്‍ കീഴടക്കിയത്. ഇന്ത്യയക്ക് വേണ്ടി 8 ആം  മിനിറ്റില്‍ ചിംഗലന്‍സനാ സിങ്ങും, 35ആം   മിനിറ്റില്‍ കോത്താജിത്ത് സിങ്ങിന്റെയും ഗോളുകള്‍ നേടി. ഗോണ്‍സാലോ പെയ്‌ലറ്റാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്.

2009ന് ശേഷം ഇതാദ്യമായാണ് അര്‍ജന്റീനയെ ഇന്ത്യ ഹോക്കിയില്‍ കീഴടക്കുന്നത്. ആക്രമണ ശൈലിയില്‍ ഊന്നിയാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ അര്‍ജന്റീനിയന്‍ മധ്യനിരയും പ്രതിരോധ നിരയും ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷ്യലിസ്റ്റ് അല്ലെങ്കിലും, ചിംഗലന്‍സനാ സിങ്ങിന്റെ അവസരത്തിനൊത്ത നീക്കമാണ്, ഗോളില്‍ കലാശിച്ചത്. അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ വിവാള്‍ഡിയുടെ വലത് മൂലയിലേക്ക് ചിംഗലന്‍സനാ സിങ്ങ് അടിച്ചകറ്റിയ പന്ത് ഗോള്‍ വല ചലിപ്പിക്കുന്ന രംഗമാണ് കണ്ടത്. ഗോള്‍ വഴങ്ങിയ അര്‍ജന്റീന കൂടുതല്‍ ആക്രമണത്തിന് മുതിരാതെ പന്ത കൈയടക്കിയത് ഇന്ത്യന്‍ മുന്നേറ്റങ്ങളെ ബാധിച്ചു. ആദ്യ ക്വാട്ടറിന്റെ അവസാന നിമിഷങ്ങളില്‍ അര്‍ജന്റീനിയന്‍ താരം മാനുവേല്‍ ബ്രുണറ്റ് തൊടുത്ത ഷോട്ട്, പോസ്റ്റില്‍ തട്ടി തെറിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസം പകര്‍ന്നു.

35 ആം മിനിറ്റില്‍ കോത്താജിത്ത് സിങ്ങ് നേടിയ ഗോള്‍, റിയോയിലെ ഇന്ത്യയുടെ ആദ്യ ഫീല്‍ഡ് ഗോളായിരുന്നു. അര്‍ജന്റീനിയന്‍ പ്രതിരോധ നിര വരുത്തിയ പിഴവിന്മേല്‍ മുന്നേറിയ കോത്താജിത്ത് സിങ്ങ് വിവാള്‍ഡിയെ കാഴ്ചക്കാരനാക്കി ഗോള്‍ നേടുകയായിരുന്നു. തുടര്‍ന്നുള്ള ഇന്ത്യന്‍ പ്രതിരോധത്തിന്റെ ഒത്തിണക്കത്തില്‍ പകച്ചു പോയ അര്‍ജന്റീന, ഉയര്‍ത്തിയ പാസുകളിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറാനാണ് ശ്രമിച്ചത്. ഗോണ്‍സാലോ പെയ്‌ലറ്റിലൂടെ തിരിച്ചടിച്ച അര്‍ജന്റീന കൂടുതല്‍ ആക്രമണോത്സുകതയാണ് തുടര്‍ന്ന് മത്സരത്തില്‍ കാഴ്ച വച്ചത്.

അവസാന നിമിഷങ്ങളില്‍, അര്‍ജന്റീന പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെടുത്തെങ്കിലും, ഗോളാക്കി മാറ്റുവാന്‍ ഇന്ത്യന്‍ പ്രതിരോധനിര കടമ്പയായി തീര്‍ന്നു. തുടരെയുള്ള അര്‍ജന്റീനിയന്‍ ആക്രമണങ്ങളാല്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രതിരോധത്തില്‍ ഊന്നിയത്, പി.ആര്‍ ശ്രീജേഷ് എന്ന ഇന്ത്യന്‍ വന്‍മതിലിന് ആശ്വാസകരമായി. ഗോളെന്നുറച്ച ഒരു പിടി അവസരങ്ങളാണ്, ശ്രീജേഷില്‍ തട്ടി തകര്‍ന്നത്. അവസാന നിമിഷം ഇന്ത്യയുടെ ആകാശ്ദീപ് സിങ്ങ് അര്‍ജന്റീനിയന്‍ ഗോള്‍ മുഖത്ത് പറന്നെത്തിയെങ്കിലും, ഗോളില്‍ കലാശിക്കുവാന്‍ ആ നീക്കത്തിന് സാധിച്ചില്ല. റിയോ പ്രതീക്ഷകള്‍ സജ്ജീവമായ ഇന്ത്യന്‍ ഹോക്കി ടീമിന്, അടുത്ത മത്സരം ഓഗസ്റ്റ് 11 ന് നെതര്‍ലണ്ടിനെതിരെയാണ്.

DONT MISS
Top