മോദിയുടെ ദലിത് അനുകൂല പ്രസ്താവന തെരഞ്ഞടുപ്പ് മുന്നില്‍ക്കണ്ടെന്ന് മായാവതി

മായാവതി (ഫയല്‍ ചിത്രം)

മായാവതി (ഫയല്‍ ചിത്രം)

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാജ്യത്തെ ദലിതര്‍ക്കെതിരെ ഗോസംരക്ഷകര്‍ നടത്തുന്ന അക്രമങ്ങളില്‍ മോദി ഇപ്പോള്‍ പ്രതികരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി മോദി കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നെന്നും മായാവതി കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ട് വര്‍ഷമായി മോദി നിശബ്ദനായിരുന്നു. കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ അദ്ദേഹം ഉണര്‍ന്നെണീറ്റിരിക്കുന്നത് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്.

തെരഞ്ഞെടുപ്പില്‍ ഒറ്റ ദലിത് വോട്ടുപോലും കിട്ടില്ലെന്ന് മോദിക്ക് ഉത്തമബോധ്യം ഉണ്ടെന്നും ദലിത് വോട്ടുകള്‍ നേടാണ് അദ്ദേഹം ഇപ്പോള്‍ പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നും മായാവതി ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഗോസംരക്ഷകരുടെ ദലിത് ആക്രമണത്തിനെതിരെ പ്രധാനമന്ത്രി രംഗത്തെത്തിയത്. ദലിതരെ ആക്രമിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അവരെവിട്ട് തന്നെ ആക്രമിക്കണമെന്നും വെടിയുതിര്‍ക്കണമെങ്കില്‍ അവരെയല്ല തന്നെ വെടിവെച്ചു കൊല്ലു എന്നുമായിരുന്നു മോദിയുടെ പ്രസ്താവന. മനുഷ്യര്‍ക്കിടയിലെ വിവേചനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അതെല്ലാം അവസാനിപ്പിക്കണമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

പശുക്കളെ കൊല്ലുന്നു എന്നാരോപിച്ച് ഗോസംരക്ഷകര്‍ ഗുജറാത്തില്‍ ഉള്‍പ്പെടെ ദലിതരെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് വന്‍പ്രതിഷേധമാണ് ഉടലെടുത്തത്.

DONT MISS
Top