ചരല്‍ക്കുന്നില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്; പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് ചെന്നിത്തല

KM-MANI-NEW

പത്തനംതിട്ട: ചരല്‍ക്കുന്ന് ക്യാമ്പില്‍ രണ്ടാം ദിനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രമേയത്തില്‍ ഉന്നയിക്കുന്നു. പൂഞ്ഞാറില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. ഇതിനായി ചെന്നിത്തല പണം ഒഴുക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ബോധപൂര്‍വ്വമായ ശ്രമം നടത്തിയെന്നും പ്രമേയത്തില്‍ പറയുന്നു.

പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ച രമേശ് ചെന്നിത്തല പി സി ജോര്‍ജ്ജിനെതിരെ ഒരുവാക്ക് പോലും മിണ്ടിയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പി സി ജോര്‍ജ്ജിന്റെ വിജയത്തിനായി രമേശ് ചെന്നിത്തല പണം ഒഴുക്കി. കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മര്യാദയ്ക്ക് കോണ്‍ഗ്രസ് തിരിച്ച് നന്ദി കാട്ടിയില്ല. ബിജെപിയുമായി സഖ്യത്തിന് ഇല്ലെന്നാണ് കേരളാ കോണ്‍ഗ്രസ് നിലപാട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള നിലവിലെ ബന്ധം തുടരാനും തീരുമാനം ആയിട്ടുണ്ട്.

പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയെപോലും കാലുവാരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തിരുവല്ല, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കാലുവാരി. പാലായില്‍ മാണിയെ തോല്‍പ്പിക്കാന്‍ പരസ്യമായ ആഹ്വാനം ചെയ്‌തെന്നാണ് ക്യാമ്പില്‍ നേതാക്കള്‍ ആരോപിച്ചത്. മാണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എംഎം ജേക്കബ് നേരിട്ട് ഇറങ്ങിയെന്നാണ് കേരളാ കോണ്‍ഗ്രസ് ക്യാമ്പില്‍ വ്യക്തമാക്കിയത്. തിരുവല്ലയിലെ തോല്‍വിക്ക് പിന്നില്‍ പി ജെ കുര്യനാണ്.

ബാര്‍കോഴ വിവാദം വഷളാക്കിയത് രമേശ് ചെന്നിത്തലയാണെന്ന് നേതാക്കള്‍ ആരോപിച്ചു. ഐ ഗ്രൂപ്പിനെതിരെ രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ ഉന്നയിച്ചത്. ബിജെപിയുമായുള്ള ബന്ധം കേരളാ കോണ്‍ഗ്രസിന്റെ ചര്‍ച്ചയില്‍ ഇല്ലെന്ന് യോഗത്തില്‍ അവരിപ്പിച്ച പ്രമേയത്തിലൂടെ ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.

കേരള രാഷ്ട്രീയത്തില്‍ സമദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ക്യാമ്പില്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

DONT MISS
Top