പി ജെ ജോസഫിന്റെ യോഗമാണ് ‘യോഗം’

km-mani-joseph

കെഎം മാണിയും പിജെ ജോസഫും സിഎഫ് തോമസും പാര്‍ട്ടി യോഗത്തിനിടെ

കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പ് യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂരം പാലിക്കുമെന്ന് പറഞ്ഞ് പുതിയ നിലപാട് എടുക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പിജെ ജോസഫിലാണ്. വല്ലാത്ത ഒരു യോഗമാണ് പി.ജെ ജോസഫിന്റെത്. അതിന്റെ കഥ പറയാന്‍ തുടങ്ങിയാല്‍ നമ്മള്‍ 1989-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തേക്ക് പോകണം . 1984-ല്‍ യുഡിഎഫില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് വിജയിച്ച മൂവാറ്റുപുഴ ലോക്‌സഭാ സീറ്റ് മാണിഗ്രൂപ്പിന് കൊടുക്കണമെന്ന ആവശ്യത്തിലാണ് ജോസഫ് അന്ന് മുന്നണി വിടുന്നത്. മൂവാറ്റുപുഴക്ക് പകരം നല്‍കാമെന്ന് പറഞ്ഞ ഇടുക്കി സീറ്റ് സ്വീകരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം മൂവാറ്റുപുഴയില്‍ തനിച്ച് മത്സരിക്കാന്‍ തീരുമാനിക്കുന്നു. മൂവാറ്റുപുഴയില്‍ മാണിഗ്രൂപ്പിന്റെ പി.സി തോമസിനെതിരെ 68,619 വോട്ട് മാത്രം നേടി മൂന്നാമത് വരാനേ പി.ജെ ജോസഫിനായുള്ളൂ. പിസി തോമസിന്റെ ഭൂരിപക്ഷം ആകട്ടെ 69,027 വോട്ടും. ജോസഫ് ഗ്രൂപ്പിന് ഓഫര്‍ ചെയ്ത ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസിന്റെ പാലാ കെ എം മാത്യു 91,479 വോട്ടിനാണ്` ജയിച്ചത്. വഴിയാധാരമായ ജോസഫ് ഒരു വിധത്തില്‍ ഇടതുമുന്നണിയില്‍ കയറിക്കൂടുകയായിരുന്നു.

pc-thomas-and-km-mathew

1987-ല്‍ അധികാരത്തില്‍ എത്തിയ ഇടതുമുന്നണി സര്‍ക്കാര്‍ നാലം വര്‍ഷം തന്നെ 1991-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയമസഭാ പിരിച്ചുവിട്ട് ജനവിധി തേടാന്‍ തീരുമാനിച്ചു. ഇടതുമുന്നണി പിജെ ജോസഫിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതാകട്ടെ ഇടുക്കി ലോക്‌സഭാ സീറ്റിലും. തന്റെ സിറ്റിങ്ങ് നിയമസഭാ സീറ്റ് തൊടുപുഴ പി.സി ജോസഫിനെ ഏല്‍പ്പിച്ച് ജോസഫ് ഇടുക്കിയില്‍ മത്സരിക്കാന്‍ മലകയറി. പക്ഷെ നിര്‍ഭാഗ്യം രാജീവ് ഗാന്ധി വധത്തിലെ സഹതാപതരംഗത്തിന്റെ രൂപത്തിലായിരുന്നു ജോസഫിന് എതിരായത് . 25,206 വോട്ടിന് പാലാ കെ എം മാത്യുവിനോട് ജോസഫും 10,252 വോട്ടിന് പിടി തോമസിനോട് പിസി ജോസഫും തോല്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്. എംഎല്‍എയോ എംപിയോ അല്ലാതെ അഞ്ച് കൊല്ലം ജോസഫ് പുറത്തിരുന്നു.

1996 ജോസഫ് 4124 വോട്ടിന് പിടി തോമസിനെ തോല്‍പ്പിച്ച് ജോസഫ് തൊടുപുഴ തിരിച്ച് പിടിച്ചു, വിദ്യാഭ്യാസ പൊതുമരാമത്ത് മന്ത്രി ആയി. അങ്ങനെ ജോസഫ് ഗ്രൂപ്പ് വീണ്ടും സജീവമായി. 1996-ലും 1998-ലും തോറ്റ ഇടുക്കി ലോക്‌സഭാ സീറ്റ് 1999-ല്‍ പിടിച്ചെടുത്ത് ഫ്രാന്‍സിസ് ജോര്‍ജ് എംപിയുമായി. എന്നാല്‍ ഈ സന്തോഷം അധിക കാലം നീണ്ട് നിന്നില്ല. പ്ലസ്ടു അഴിമതിയൊക്കെ ആയി ജോസഫ് ഗ്രൂപ്പ് ഉണ്ടാക്കിയ വിവാദം 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫിന്റെ പരാജയത്തിലേക്കാണ് നയിച്ചത്. തൊടുപുഴയെ പൊന്നുപോലെ നോക്കിയ ജോസഫിനെ തോല്‍പ്പിക്കുമെന്ന് വെള്ളാപ്പള്ളി വെല്ലുവിളിച്ചപ്പോഴും ആരും കരുതിയില്ല ജോസഫ് തോല്‍ക്കുമെന്ന്. പക്ഷെ 6,125 വോട്ടിന് പി.ടി തോമസ് ജോസഫിനെ അട്ടിമറിച്ചു. വീണ്ടും ജോസഫ് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് പുറത്ത്.

pt-thomas-francis-george

2004-ല്‍ വീണ്ടും ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി നിലനിര്‍ത്തി 2006-ല്‍ ജോസഫ് തൊടുപുഴ 13689 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തില്‍ തിരിച്ച് പിടിച്ചു വീണ്ടും മന്ത്രിയായി. 2004-ല്‍ മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിച്ച് ജയിച്ച് പി.സി തോമസ് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചു. പക്ഷെ സന്തോഷം അധികം നീണ്ട് നിന്നില്ല. വിമാനയാത്രാ വിവാദത്തില്‍ ജോസഫിന് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നു. ഇടതു സര്‍ക്കാരിന്റെ സ്വാശ്രയ നിയമം മതമില്ലാത്ത ജീവന്‍ ഒക്കെ ജോസഫ് ഗ്രൂപ്പിന്റെ വോട്ട് ബാങ്കായ സഭയെ ചൊടിപ്പിച്ചു. അവര്‍ ഇടതുമുന്നണിയോട് പ്രതികാരം ചെയ്യാന്‍ 2009-ലെ ലോക്‌സഭാ ഇലക്ഷന്‍ ഒരു അവസരമായി എടുത്തു. കോതമംഗലവും മൂവാറ്റുപുഴയും തൊടുപുഴയും ഇടുക്കിയുമൊക്കെ അടങ്ങുന്ന പുതിയ ഇടുക്കി മണ്ഡലത്തില്‍ സഭയുടെ പ്രിയപുത്രന്‍ ഫ്രാന്‍സിസ് ജോര്‍ജ് 74,796 വോട്ടിന് തോറ്റൂ. അതോടെ ജോസഫ് അപകടം മണത്തു സഭാധ്യക്ഷന്മാരുടെ മധ്യസ്ഥയോടെ ജോസഫ് നിരുപാധികം മാണിഗ്രൂപ്പില്‍ ലയിച്ചു. 2011-ല്‍ 22,868 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയി തൊടുപുഴയില്‍ ജയിച്ച് ജലസേചന മന്ത്രി ആയി. പക്ഷെ ജോസഫിനൊഴികെ മറ്റുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്ക് യോജിച്ച് പോകാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല അവിടെ അവര്‍ പല പല അമര്‍ഷങ്ങളും പ്രകടിപ്പിച്ചു. പക്ഷെ എല്ലാം സഹിച്ച് മുന്നോട്ട് പോവുകയല്ലാതെ മറ്റൊരു വഴിയും അവരുടെ മുന്നില്‍ ഇല്ലായിരുന്നു.

jose-k-mani

മാണി ജോസ് കെ മാണിക്ക് മുകളില്‍ ആരെയും വളര്‍ത്താന്‍ അനുവദിക്കില്ലാന്ന് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്ക് അനുദിനം മനസിലായി. ഇടുക്കി ലോക്‌സഭാ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഫ്രാന്‍സിസ് ജോര്‍ജിന് നിരാശയായിരുന്നു ഫലം. മക്കള്‍ രാഷ്ട്രീയത്തിന്റെ വക്താവല്ലാത്ത ജോസഫ് വളര്‍ത്തിയ നേതാക്കള്‍ക്ക് അപമാനം സഹിച്ച് നില്‍ക്കാന്‍ ഒരു പരിധി ഉണ്ടായിരുന്നു. അവര്‍ പല പല പരാതികള്‍ ജോസഫിനോട് പറഞ്ഞു. പക്ഷെ മാണിയുടെ ദയയില്‍ കിട്ടിയ ജീവിതം തുലക്കാന്‍ ജോസഫ് തയ്യാറായിരുന്നില്ല. ഇനിയൊരു മുന്നണി മാറ്റത്തെ പറ്റി ആലോചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജോസഫ്. തന്റെ വേണ്ടപ്പെട്ടവരെ ജോസഫിന് സംരക്ഷിക്കാന്‍ പറ്റില്ലാ എന്ന അവസ്ഥ വന്നപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അവര്‍ യുഡിഎഫ് വിട്ട് പുതിയ കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കി ഇടതുമുന്നനിയിലെത്തി. പക്ഷെ ജോസഫിന്റെ നിര്‍ഭാഗ്യ പാതയായിരുന്നു അവരെയും കാത്തിരുന്നത്. ഫ്രാന്‍സിസ് ജോര്‍ജ് അടക്കം എല്ലാവരും തോറ്റു. ജോസഫും മോന്‍സ് ജോസഫും വന്‍ ഭുരിപക്ഷത്തില്‍ ജയിച്ചു പക്ഷെ ടിയു കുരുവിള തോറ്റു. ഇപ്പോള്‍ ഇതാ ഇടതും വലതുമില്ലാതെ സമദൂര സിദ്ധാന്തവുമായി മാണി തെരുവിലേക്ക് ഇറങ്ങാന്‍ പോകുന്നു. ഇനിയും ഒരു ഭാഗ്യപരീക്ഷണത്തിലേക്ക് ജോസഫും ഇറങ്ങേണ്ടി വരുന്നു. 1989-ലെ ഒരു അവസ്ഥയിലേക്ക് ജോസഫ് വീണ്ടുമെത്തുന്നു . ഇനി ഇടതോ വലതോ അതോ എന്‍ഡിഎയോ എന്നതൊക്കെ കാലം തെളിയിക്കേണ്ട അവസ്ഥയിലാണ് ജോസഫ് . മാണിക്ക് മുന്നില്‍ വിധേയനായി ജോസഫ് നില്‍ക്കുമോ അതോ യുഡിഎഫില്‍ ജോസഫ് ഉറച്ച് നില്‍ക്കുമോ അതുമല്ലെങ്കില്‍ തന്റെ പഴയ അണികളുടെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേക്കേറി എല്‍ഡിഎഫില്‍ എത്തുമോ എന്നൊക്കെയാണ് ഇനി രാഷ്ട്രീയ കേരാളം ഉറ്റുനോക്കുന്നത്.

DONT MISS
Top