മലയാളികളുടെ പ്രതീക്ഷകള്‍ കൈപിടിയില്‍ ഭദ്രമാക്കാന്‍ പിആര്‍ ശ്രീജേഷ്

പി ആര്‍ ശ്രീജേഷ്

പി ആര്‍ ശ്രീജേഷ്

ദില്ലി: ഇന്ത്യന്‍ ഹോക്കി ടീം നായകനും ഹോക്കിയില്‍ മലയാളികളുടെ പ്രതീക്ഷയുമാണ് പിആര്‍ ശ്രീജേഷ്. ഹോക്കിയിലെ ഈ മലയാളി താരത്തിന്റെ സാന്നിധ്യം അയര്‍ലന്റിനെതിരായ ഇന്ത്യയുടെ മല്‍സരത്തെ ശ്രദ്ധേയമാക്കും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ച സര്‍ദാര്‍ സിംഗിനെ മാറ്റിയാണ് ശ്രീജേഷിനെ ക്യാപ്റ്റനാക്കിയത്. മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് നായക സ്ഥാനം അലങ്കരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകളും വാനോളം ഉയരുന്നു. ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളാണ് എറണാകുളം പളളിക്കര സ്വദേശിയായ പിആര്‍ ശ്രീജേഷ്. ഇതുവരെ 159 മല്‍സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു.

2006ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. കൊളംബോയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ശ്രീജേഷ് വരവറിയിച്ചു. പിന്നീട് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത് ലോകത്തെ മികച്ച ഹോക്കി ഗോള്‍കീപ്പറില്‍ ഒരാളായി മാറി. ഗോള്‍വലക്ക് താഴെ ഇമചിമ്മാതെ നില്‍ക്കുന്ന ശ്രീജേഷിന്റ സാന്നിധ്യം ടീമിന് കരുത്തേകും. ശ്രീജേഷിലൂടെ 36 വര്‍ഷത്തെ മെഡല്‍ കാത്തിരിപ്പിന് അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ഹോക്കി ആരാധകര്‍.

കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ പ്രതീക്ഷകളും പേറിയാണ് ശ്രീജേഷും സംഘവും റിയോയില്‍ അയര്‍ലന്റിനെതിരെ കളിക്കുക. ജര്‍മ്മനി, നെതര്‍ലന്‍സ്, അര്‍ജന്റീന, ക്യാനഡ എന്നിവരുള്‍പ്പെട്ട ടീമിലാണ് ഇന്ത്യ കളിക്കുക.

DONT MISS
Top