റിയോയില്‍ മലയാളക്കരയുടെ അഭിമാനമാകാന്‍ ഇവര്‍ 11 പേര്‍

റിയോ ഒളിംപിക്സ് ചിത്രം

റിയോ ഒളിംപിക്സ് ചിത്രം

റിയോയില്‍ കായികലോകത്തിന്റെ മഹാമേള ഉണരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മലയാളക്കരയുടെ അഭിമാനമായി ഇത്തവണ റിയോയില്‍ എത്തുന്നത് 11 താരങ്ങള്‍. നീന്തല്‍ താരം സജന്‍ പ്രകാശിനും ഹോക്കി ടീം നായകനായ പിആര്‍ ശ്രീജേഷിനും പുറമേയുള്ള ഒന്‍പത് താരങ്ങള്‍ അത്‌ലറ്റിക്‌സിലാണ് മാറ്റുരയ്ക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലുള്ള 11 താരങ്ങളില്‍ എട്ട് പേര്‍ക്കിത് ഒളിംപിക്‌സിലെ കന്നിയങ്കമാണ്.

പി ആര്‍ ശ്രീജേഷ്

പി ആര്‍ ശ്രീജേഷ്

പി ആര്‍ ശ്രീജേഷ്

ഇന്ത്യന്‍ ഹോക്കി ടീം നായകനും ഗോള്‍കീപ്പറുമായാണ് പി ആര്‍ ശ്രീജേഷ് റിയോയിലെ കളിക്കൂട്ടിലെത്തുന്നത്. 2006 മുതല്‍ ടീമിന്റെ ഭാഗമായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വര്‍ഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. ഒളിംപിക്‌സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് പി ആര്‍ ശ്രീജേഷ്.

ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ നേടിത്തന്ന ക്യാപ്റ്റനാണ് ശ്രീജേഷ്. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ഒരു ഒളിമ്പിക് മെഡല്‍ എന്ന ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്ക് നായകത്വം നല്‍കുക എന്ന നിയോഗമാണ് ഇപ്പോള്‍ ശ്രീജേഷ് ഏറ്റെടുത്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ശാപം തീര്‍ത്ത കരങ്ങള്‍ക്ക് 36 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിവരുത്താനുള്ള കരുത്തും ഉണ്ടെന്ന് ഒരു ജനത ഉറച്ച് വിശ്വസിക്കുന്നു.

എറണാകുളം പള്ളിക്കര സ്വദേശിയാണ് 28 കാരനായ ശ്രീജേഷ്. ചാമ്പ്യന്‍സ് ട്രോഫി, ഇഞ്ചിയോണ്‍ ഗെയിംസിലടക്കം ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച രാജ്യത്തിന്റെ അഭിമാന താരം കൂടിയാണ്.

സജന്‍ പ്രകാശ്

സജന്‍ പ്രകാശ്

സജന്‍ പ്രകാശ്

ഒളിംപിക്‌സ് നീന്തല്‍ക്കുളത്തില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മത്സ്യമാകാന്‍ ഒരുങ്ങുകയാണ് സജന്‍ പ്രകാശ്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ റെക്കോര്‍ഡ് നേട്ടത്തോടെയാണ് സജന്‍ ഒളിംപിക്‌സ് യോഗ്യത നേടിയത്. രാജ്യത്തെ പ്രതിനിധീകരിച്ചുള്ള ഏക പുരുഷ നീന്തല്‍ താരമാണ് ഇടുക്കി സ്വദേശിയായ സജന്‍.

ദേശീയ ഗെയിംസില്‍ ആറു സ്വര്‍ണമാണ് സജന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. സജന്റെ ആദ്യ ഒളിംപിക്‌സ് മത്സരമാണിത്. വനിതകളില്‍ ശിവാനി കതാരിയയാണ് ഒളിംപിക്‌സില്‍ ഇന്ത്യക്കായി നീന്തല്‍ക്കുളത്തിലിറങ്ങുക.

ടിന്റു ലൂക്ക

ടിന്റു ലൂക്ക

ടിന്റു ലൂക്ക

പി ടി ഉഷയുടെ ശിഷ്യയായ ടിന്റു ലൂക്കയ്ക്കിത് രണ്ടാം ഒളിംപിക്‌സ് മത്സരമാണ്. 800 മീറ്റര്‍, 4×400 മീറ്റര്‍ റിലേ എന്നിവയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ടിന്റു ലൂക്ക മെഡല്‍ കൊയ്യാനൊരുങ്ങുന്നത്. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയിലെ സ്വര്‍ണങ്ങളടക്കം ഒരുപിടി മെഡലുകളാണ് ടിന്റുവിന്റെ സമ്പാദ്യത്തിലുള്ളത്.

2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ താരം സെമി ഫൈനല്‍ വരെയെത്തിയിരുന്നു. സെമിയില്‍ ആറാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ടിന്റുവിനായുള്ളൂ. ഇതോടെ ഫൈനലിലേക്കു യോഗ്യത നേടാനും കഴിഞ്ഞില്ല. 2015 ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയതാണ് താരത്തിന്റെ സമീപകാലത്തെ മികച്ച നേട്ടം.

രഞ്ജിത് മഹേശ്വരി

രഞ്ജിത് മഹേശ്വരി

രഞ്ജിത് മഹേശ്വരി

ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡോടെയാണ് രഞ്ജിത് മഹേശ്വരി റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. അര്‍പീന്ദര്‍ സിംഗിന്റെ 17.17 റെക്കോര്‍ഡ് മറികടന്ന് 17.30 മീറ്ററോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് രഞ്ജിത്ത് ഒളിംപിക്‌സ് യോഗ്യത നേടിയത്.

2008 ബെയ്ജിംഗ് ഒളിംപിക്‌സിലും 2012 ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത രഞ്ജിത്ത് 2007 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2012 ഏഷ്യന്‍ ഗ്രാന്റ പ്രീ എന്നിവയില്‍ സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. കോട്ടയം ചന്നാനിക്കാട് സ്വദേശിയാണ് രഞ്ജിത്ത് മഹേശ്വരി.

ഒ പി ജെയ്ഷ

ഒ പി ജെയ്ഷ

ഒ പി ജെയ്ഷ

വയനാട്ടിലെ തൃശിലേരിയില്‍ നിന്നും സ്വര്‍ണനേട്ടം ലക്ഷ്യമിട്ടാണ് റിയോയിലെ നക്ഷത്രക്കൂട്ടിലേക്ക് ജെയ്ഷ കുതിക്കുന്നത്. ഒളിംപിക്‌സില്‍ കന്നിയങ്കം. മാരത്തണ്‍ ഇനത്തിലാണ് ജെയ്ഷ റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് മണിക്കൂര്‍ 34 മിനിട്ട് 43 സെക്കന്‍ഡാണ് മാരത്തണിലെ മികച്ച സമയം. 1,500, 5,000 മീറ്റര്‍ ഓട്ടങ്ങള്‍, 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ് എന്നിവയായിരുന്നു നേരത്തെയുള്ള പോരാട്ട മണ്ഡലങ്ങള്‍. പിന്നീട് മാരത്തണിലേക്ക് ചേക്കേറുകയായിരുന്നു.

ടി ഗോപി

ടി ഗോപി

ടി ഗോപി

ഒളിംപിക്‌സ് എന്ന മഹാമാമാങ്കത്തിലെ കന്നിക്കാരനാണ് വയനാട് സുല്‍ത്താന്‍ ബെത്തേരി സ്വദേശി ടി ഗോപി. പുരുഷ വിഭാഗം മാരത്തണിലാണ് ഈ 28 കാരന്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുന്നത്. മികച്ച സമയം രണ്ട് മണിക്കൂര്‍ 16 മിനിട്ട് 15 സെക്കന്‍ഡ്.

ജിസ്‌ന മാത്യു

ജിസ്‌ന മാത്യു

ജിസ്‌ന മാത്യു

റിയോയില്‍ എത്തിയിരിക്കുന്ന മലയാളി സംഘത്തിലെ പ്രായം കുറഞ്ഞ താരമാണ് 17 കാരിയായ ജിസ്‌ന മാത്യു. 4×400 മീറ്റര്‍ റിലേയിലാണ് മത്സരിക്കുന്നത്. പൂവമ്പായ് എഎംഎച്ച്എസ്എസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിസ്‌ന റിയോയിലൂടെ ഒളിംപിക്‌സ് ലോകത്തേക്ക് കാലെടുത്ത് വെക്കുകയാണ്.

കുഞ്ഞിമുഹമ്മദ്

പുരുഷ വിഭാഗം 4×400 മീറ്റര്‍ റിലേയിലാണ് കുഞ്ഞിമുഹമ്മദ് റിയോയില്‍ ഇറങ്ങുന്നത്. 29 കാരനായ കുഞ്ഞിമുഹമ്മദിന് ഒളിംപിക്‌സില്‍ ഇത് കന്നിയങ്കം.

മുഹമ്മദ് അനസ്

മുഹമ്മദ് അനസ്

മുഹമ്മദ് അനസ്

കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദിനും ഇത് പ്രഥമ ഒളിംപിക്‌സ് ആണ്. 400 മീറ്റര്‍, 4×400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് മെഡല്‍ പ്രതീക്ഷയും പേറി മുഹമ്മദ് അനസ് ഇറങ്ങുന്നത്. ബംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4×400 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ടീമില്‍ അംഗം. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കന്‍ഡിലാണ് മുഹമ്മദ് ഉള്‍പ്പെട്ട റിലേ ടീം റെക്കോര്‍ഡ് സൃഷ്ടിച്ചത്.

അനില്‍ഡ തോമസ്

അനില്‍ഡ തോമസ്

അനില്‍ഡ തോമസ്

എറണാകുളം കോതമംഗലം സ്വദേശിനി അനില്‍ഡ തോമസും കന്നി ഒളിംപിക്‌സ് താരങ്ങളുടെ ഗണത്തിലെ അംഗമാണ്. 4×400 മീറ്റര്‍ റിലേയിലാണ് 23 കാരിയായ അനില്‍ഡ ഇറങ്ങുന്നത്.

ജിന്‍സണ്‍ ജോണ്‍സണ്‍

ജിന്‍സണ്‍ ജോണ്‍സണ്‍

ജിന്‍സണ്‍ ജോണ്‍സണ്‍

കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് 25 കാരനായ ജിന്‍സണ്‍. പുരുഷന്‍മാരുടെ 800 മീറ്റര്‍ ട്രാക്കിലാണ് റിയോയില്‍ ഇറങ്ങുന്നത്. ഏഷ്യന്‍ ഗ്രാന്റ് പ്രീ പരമ്പരയില്‍ മൂന്ന് സ്വര്‍ണവുമായി മികവ് തെളിയിച്ച താരമാണ് ജിന്‍സണ്‍. 2015 ലെ ഗുവാന്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കരസ്ഥമാക്കിയിട്ടുള്ള ജിന്‍സണിന്റെ മികച്ച സമയം ഒരു മിനിട്ട് 45:98 ആണ്. ഒളിംപിക്‌സില്‍ ഇതാദ്യം.

DONT MISS
Top