വിജയ പ്രതീക്ഷയില്‍ ഇന്ത്യന്‍ ഹോക്കി; ശ്രീജേഷും സംഘവും നാളെ ഇറങ്ങും

hockey

ഇന്ത്യന്‍ ഹോക്കി ടീം

ഹോക്കി എന്നും ഇന്ത്യയ്ക്ക് ലഹരിയാണ്. വിശ്വ കായിക മാമാങ്കമായ ഒളിമ്പിക്‌സില്‍, ഇന്ത്യന്‍ ഹോക്കി ടീം ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് വന്നെത്തിയിട്ടുള്ളത്. ശനിയാഴ്ച്ച ആരംഭിക്കുന്ന ആദ്യ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളില്‍ മലയാളി താരമായ പി ആര്‍ ശ്രീജേഷിന്റെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യന്‍ പുരുഷ ഹോക്കി ടീം, വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. നീണ്ട 36 വര്‍ഷത്തെ ഒളിമ്പിക്‌സ് കാത്തിരിപ്പിന് വിരാമമിടാനുള്ള തത്രപ്പാടിലാണ് ശ്രീജേഷും സംഘവും.
എട്ടു തവണ ലോക ചാമ്പ്യന്‍മാരായ ഇന്ത്യ, 1980 ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് അവസാനമായി പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടുന്നത്. തുടരെ തുടരെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ ഹോക്കി ടീമിനെയാണ് തുടര്‍ന്നുള്ള ഒളിമ്പിക്സുകളില്‍ നാം കണ്ടത്.

പിന്നീട് വന്ന 2008 ലെ ബീയ്ജിംഗ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാന്‍ സാധിക്കാതെ തല കുനിച്ച് മടങ്ങുന്ന ഇന്ത്യന്‍ ഹോക്കി താരങ്ങളെ കായിക പ്രേമികള്‍ മറക്കാനിടയില്ല. 2012 ലെ പ്രകടനങ്ങളും അത്ര വ്യത്യസ്തമല്ല. യോഗ്യത നേടിയെങ്കിലും, ഗ്രൂപ്പില്‍ താഴെ നിലകൊള്ളാനായിരുന്നു ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിധി.

36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിമ്പിക്‌സ് യോഗ്യത നേടി കൊണ്ട്, സ്വപ്നതുല്യമായ തുടക്കമാണ് ഇന്ത്യന്‍ വനിതാ വിഭാഗം കാഴ്ചവെച്ചിരിക്കുന്നത്. ലോക ഹോക്കി ലീഗില്‍, ശക്തരായ ജപ്പാനെ കീഴടക്കി ഒളിമ്പിക്‌സ് യോഗ്യത നേടി വന്ന ഇന്ത്യന്‍ വനിതാ വിഭാഗം ഹോക്കി ടീം, ഒളിമ്പിക്‌സില്‍ ആദ്യം എതിരിടുന്നതും ജപ്പാനെ തന്നെയാണ്. 1980 ലെ മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യന്‍ വനിതാ വിഭാഗം ഹോക്കി ടീം അവസാനമായി പങ്കെടുത്തത്.
2012 ലണ്ടന്‍ ഒളിമ്പിക്‌സ് ജേതാക്കളായ ജര്‍മ്മനിയും, രണ്ടാം സ്ഥാനക്കാരായ നെതര്‍ലണ്ടും, പാന്‍ അമേരിക്കന്‍ മുന്‍ നിരക്കാരായ അര്‍ജന്റീനയും കാനഡയും അടങ്ങുന്ന കരുത്തരുടെ നിരയിലേക്കാണ് ഇന്ത്യന്‍ ടീം മത്സരിക്കാനെത്തുന്നത്. അതിനാല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ വരുത്തുന്ന ചെറിയ പാക പിഴവുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരുന്നമെന്നത് വ്യക്തമാണ്.

മലയാളി താരം പി.ആര്‍ ശ്രീജേഷ് ചുക്കാന്‍ പിടിക്കുന്ന ചോര്‍ച്ചയില്ലാത്ത ഗോള്‍കീപ്പിംഗ് തന്നെയാണ് ഇന്ത്യയുടെ ഊര്‍ജ്ജം. അവസരത്തിനൊത്ത് മുന്നേറുന്ന പ്രതിരോധ നിരയും, ഒത്തിണക്കത്തോടെ പന്ത് കൈവശം വയ്ക്കുന്ന മധ്യനിരയും ഇന്ത്യന്‍ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നു.

വലത് വിങ്ങില്‍ ഫീല്‍ഡറായി വരുന്ന വൈസ് ക്യാപ്റ്റന്‍ എസ്. വി സുനിലിന്റെ പ്രകടനം ഇന്ത്യയുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച നല്‍കും. മുന്‍ ക്യാപ്റ്റന്‍ സര്‍ദാരാ സിംങ്ങിന്റെ പ്രകടനം ശരാശരിയില്‍ മാത്രം ഒതുങ്ങുമ്പോഴും, അനുഭവ സമ്പത്തും പന്തടക്കം ചെയ്യുന്നതിലുമുള്ള മികവും, ഇന്ത്യയ്ക് നിര്‍ണ്ണായകമാണ്. ഒളിമ്പിക്‌സിന് മുന്നോടിയായി ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംഗ് സ്വര്‍ണ്ണവും, ഗ്ലാസ്‌ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിയും, ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

വി.ആര്‍ രഘുനാഥ്, കോത്താജിത് സിംങ്ങ്, സുരേന്ദര്‍ കുമാര്‍ എന്നിവരടങ്ങുന്ന പ്രതിരോധനിര, നായകന്‍ പി.ആര്‍ ശ്രീജേഷിന് നല്‍കുന്ന ഊര്‍ജ്ജം കുറച്ചൊന്നുമല്ല. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടതല്‍ സ്വര്‍ണ്ണ നേടി ഇന്ത്യ ചരിത്രം സൃഷ്ടിക്കുമ്പോഴും, നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കോച്ച്, ഒള്‍ട്ടമാന്‍സ് ആവശ്യപ്പെടുന്നത്.
36 വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായ സാന്നിധ്യമാകാന്‍ ശ്രമിക്കുന്ന വനിതാ വിഭാഗം ഹോക്കി ടീമിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി റിതാ റാണിക്ക് പകരമായി സൂശീല്‍ ചാനുവാണ് ഇന്ത്യന്‍ വനിതാ വിഭാഗത്തെ റിയോയില്‍ നയിക്കുന്നത്.

പുരുഷ ടീം- ഗോള്‍കീപ്പര്‍: പി.ആര്‍ ശ്രീജേഷ് (ക്യാപ്റ്റന്‍) , പ്രതിരോധനിര: വി.ആര്‍ രഘുനാഥ്, കോത്താജിത് സിംങ്ങ്,സുരേന്ദര്‍ കുമാര്‍, ഹര്‍മ്മന്‍പ്രീത് സിംങ്ങ്, മധ്യ നിര: ഡാനിഷ് മുജ്താബ, ചിങ്ങളന്‍സനാ സിംങ്ങ്, മന്‍പ്രീത് സിംങ്ങ്, സര്‍ദാരാ സിംങ്ങ്, എസ്.കെ ഉത്തപ്പാ, ദേവീന്ദര്‍ വാത്മീകി മുന്നേറ്റ നിര: എസ്.വി സുനില്‍, ആകാശ്ദീപ് സിംങ്ങ്, രാമന്‍ദീപ് സിംങ്ങ്, നിക്കിന്‍ തിമ്മയ്യ, രുപിന്ദര്‍പാല്‍ സിംങ്ങ്, വികാസ് ദഹിയ, പ്രദീപ് മോര്‍

വനിത ടീം- ഗോള്‍കീപ്പര്‍: സവിത പ്രതിരോധനിര: സുശീല ചാനു (ക്യാപ്റ്റന്‍), ദീപ് ഗ്രേസ് എക്കാ, ദീപിക, നമിത തോപ്പോ, സുനിത ലാക്ക്ര ; മധ്യനിര: നവ്‌ജ്യോത് കൗര്‍, മോണിക്ക, രേണുക യാദവ്, ലിലിമ മിന്‍സ്; മുന്നേറ്റ നിര: നിക്കി പ്രദാന്‍, അനുരാധാ ദേവി.ടി, പൂനം റാണി, വന്ദന കതാരിയ, റാണി രാംപാല്‍, പ്രീതി ദൂബെയ്, രജാനി എതിമാര്‍പു, ഹനിയാലും ലാല്‍ റുഹത് ഫെലി

DONT MISS
Top