തമിഴ്‌നാട് കരാര്‍ ലംഘിച്ചു; ഷോളയാറില്‍ ജലനിരപ്പ് താഴ്ന്നു

sholayar

തൃശൂര്‍: വൃഷ്ടി പ്രദേശത്തെ മഴയുടെ കുറവ് മൂലം കേരള ഷോളയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു. സംഭരണശേഷിയുടെ 42 ശതമാനം മാത്രമാണ് ഷോളയാറില്‍ വെള്ളമുള്ളത്. കരാര്‍പ്രകാരം അവകാശപ്പെട്ട ജലം തമിഴ്‌നാട്ടില്‍ നിന്നും നേടിയെടുക്കാനാകാത്തതും അണക്കെട്ടിലെ ജലനിരപ്പിനെ ബാധിച്ചിരിക്കുകയാണ്. 2663 അടി സംഭരണശേഷിയുള്ളതാണ് ഷോളയാര്‍ അണക്കെട്ട്. എന്നാല്‍ ഇന്ന് 42ശതമാനത്തോളം ജലം മാത്രമാണ് കേരളാ ഷോളയാറില്‍ ശേഷിക്കുന്നത്.

1970ലെ പറമ്പിക്കുളം ആളിയാര്‍ കരാര്‍പ്രകാരമുള്ള വെള്ളം തമിഴ്‌നാട് വിട്ടുനല്‍കാത്തതാണ് ജലനിരപ്പുയരാതിരിക്കാനുള്ള ഒരു കാരണം. കരാര്‍പ്രകാരം ഫെബ്രുവരി 1നും സെപ്തമംബര്‍ ഒന്നിനും വര്‍ഷം തോറും തമിഴ്‌നാട് നീരൊഴുക്കി കേരള ഷോളയാര്‍ അണക്കെട്ട് നിറയ്ക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ നിലവില്‍ ദൈന്യന്തിനം ഒന്നര ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് തമിഴ്‌നാട് നല്‍കുന്നത്. ഈ നില തുടര്‍ന്നാല്‍ സെപ്തംബര്‍ 1ന് സംഭരണശേഷിയുടെ 60 ശതമാനത്തിലെത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. കരാര്‍ലംഘനം ആവര്‍ത്തിക്കപ്പെട്ടിട്ടും സംസ്ഥാനസര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്നാണ് ആരോപണം.

വൃഷ്ടി പ്രദേശങ്ങളിലെ മഴക്കുറവാണ് ജലനിരപ്പ് താഴാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. പത്ത് ശതമാനത്തിലധികം മഴയുടെ കുറവാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചുള്ളത്.
അതേസമയം സമാനമായ സ്ഥിതി തന്നെയാണ് ജില്ലയിലെ മറ്റ് അണക്കെട്ടുകളിലുമുള്ളത്. ഷോളയാറിലെ ജലനിരപ്പ് താഴുന്നത് പെരിങ്ങല്‍ക്കു ത്തിലെ വൈദ്യുതോല്‍പാദനത്തേയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തേയും ചാലക്കുടിപുഴയിലെ നീരൊഴുക്കിനെയും സാരമായി ബാധിക്കും.

DONT MISS
Top