നിയമനം വേഗത്തിലാക്കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; സെക്രട്ടറിയേറ്റിന് മുന്നിലെ ആത്മഹത്യാ ഭീഷണി സമരം അവസാനിപ്പിച്ചു

strike

ആത്മഹത്യാ ഭീഷണി മുഴക്കിയവര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ തണ്ടര്‍ ബോള്‍ട്ട് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമനം വേഗത്തിലാക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് യുവാക്കള്‍ സമരം അവസാനിപ്പിച്ചത്. ഡിജിപിയുമായി വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉദ്യോഗാര്‍‌ത്ഥികള്‍ക്ക് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ബഹുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയവരെ താഴെയിറക്കി. നിയമനം ലഭിക്കുന്നതു വരെ തലസ്ഥാനത്ത് നിരാഹാരം കിടക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

ഐജിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിച്ചത്. വിഷയം ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുമെന്ന് ഐ ജി വ്യക്തമാക്കി.

പുതിയ ബറ്റാലിയന്‍ അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ചാണ്. ഇത് കൂടി പരിഗണിച്ചായിരിക്കും പുതിയ നിയമനം നടത്തുകയെന്ന് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നായിരുന്നു സമരക്കാരുടെ നിലപാട്.

suicide-threat1

എം സ്വരാജ് എംഎല്‍എ, വി ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഡിജിപിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്താമെന്ന് ഇവരെ അറിയിച്ചു. നിയമനം എത്രയും വേഗത്തിലാക്കാമെന്നും അറിയിച്ചു.

പിഎസ്‌സിയുടെ തണ്ടര്‍ബോള്‍ട്ട് കമന്‍ഡോ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആറുപേര്‍ക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. എത്രയും വേഗം നിയമനം നടത്തണമെന്ന ആവശ്യവുമായി ഇവര്‍ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവരികയാണ്. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യുവാക്കള്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന മരത്തിന് മുകളില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒരാളെ താഴെ ഇറക്കി. ആറ് മാസം മുമ്പും സമാനമായ സമരം ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയിരുന്നു. സമരം തീര്‍ക്കാന്‍ അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

DONT MISS
Top