ഹിമാലയവും താണ്ടി ബുള്ളറ്റിനെ മെരുക്കിയ പെണ്‍കരുത്ത്

bullelt

കാസര്‍കോട്: ബുള്ളറ്റില്‍ ആകാശം മുട്ടെയുള്ള മലനിരകളില്‍ സഞ്ചരിച്ച് താരമായിരിക്കുകയാണ് കാസര്‍കോടന്‍ പെണ്‍കുട്ടി. ഉയര്‍ന്ന വേതനമുള്ള ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് കാസര്‍കോട് ഇരിയണ്ണിയിലെ സൗമ്യ അതിസാഹസികമായ ബുള്ളറ്റ് യാത്ര നടത്തിയത്. ഹിമാലയന്‍ സഞ്ചാരം കഴിഞ്ഞുള്ള വിശ്രമത്തിലാണ് ഇരിയണ്ണിയിലെ സൗമ്യ. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ കണ്ടശേഷം ഹരം പിടിച്ചുള്ള ബുള്ളറ്റ് യാത്രയായിരുന്നില്ല സൗമ്യക്ക്.

രാജ്യത്തെ വനിതാ ബൈക്ക് ഓട്ടോക്കാര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് കമ്പനി സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസി വനിതാ യാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ടാണ് സൗമ്യ ഹിമാലയന്‍ പാതകള്‍ താണ്ടിയത്. സംഘത്തിലെ ഏക മലയാളി. ശരീരം തുളഞ്ഞ കയറുന്ന തണുപ്പിനെയും ബാലന്‍സ് തെറ്റിയാല്‍ ഗര്‍ത്തത്തില്‍ പതിക്കുമായിരുന്ന അപകടം നിറഞ്ഞ പാതകളെയും മനോധൈര്യം കൊണ്ട് വകഞ്ഞ് മാറ്റിയാണ് സൗമ്യ ഹിമലായന്‍ സാനുക്കളില്‍ ബുള്ളറ്റ് ഓടിച്ച് കയറിയത്. ചണ്ഡിഗഢ് വഴി മണാലിയിലെ മരണം മണക്കുന്ന കൊക്കളും കൊല്ലികളും കടന്നാണ് സൗമ്യ ലക്ഷ്യ സ്ഥാനത്തെത്തിയത്. സമുദ്ര നിരപ്പില്‍ നിന്നും 18300 അടി ഉയരത്തിലെത്തിയപ്പോള്‍ താന്‍ നേടിയെടുത്ത അനുഭവങ്ങള്‍ ഏറെയാണെന്ന് സൗമ്യ സാക്ഷ്യപ്പെടുത്തുന്നു.

ദിവസവും 150 കിലോമീറ്ററാണ് ബുള്ളറ്റ് സഞ്ചാരം. വനിതാ ഡോക്ടര്‍മാരും ഡ്രൈവര്‍മാരടങ്ങുന്ന സംഘത്തിനൊപ്പമായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിസ് ഡെസേര്‍ട്ട് സ്‌റ്റോം ബൈക്കിലെ യാത്ര. വലിയ യാത്രകള്‍ നടത്തിയിട്ടില്ലെങ്കിലും ബാഗ്ലൂരിലെ ജോലിസ്ഥലത്ത് നിന്നും കാസര്‍കോട്ടെ വീട്ടിലേക്കും വയനാട്ടിലേക്കും ബുള്ളറ്റ് യാത്ര നടത്തിയ പരിചയമായിരുന്നു ഹിമാലയന്‍ ഗിരി ശൃംഘങ്ങളിലേക്കുള്ള യാത്രയില്‍ സൗമ്യയുടെ സഹയാത്രിക.

DONT MISS
Top