അമലാ പോള്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നു: വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് വിജയ്‌യുടെ പിതാവ്

amala-paul

അമലാ പോള്‍ വിവാഹവേളയില്‍

ചലച്ചിത്ര താരം അമലാ പോള്‍ വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വിവാഹമോചന വാര്‍ത്തയെ സ്ഥിരീകരിച്ച ഭര്‍ത്യപിതാവ് എ എല്‍ അളകപ്പന്‍ രംഗത്ത്. വിവാഹമോചനമെന്നത് യാഥാര്‍ത്ഥ്യമാണെന്നും അമലാപോള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതില്‍ വിജയ്ക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അളകപ്പന്‍ വ്യക്തമാക്കി. തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നില്ലെന്ന് നേരത്തെ ഇരുവരും തീരുമാനിച്ച് ഉറപ്പിച്ച കാര്യമാമെന്നും എന്നാല്‍ അമലാ പോള്‍ തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അളകപ്പന്‍ കുറ്റപ്പെടുത്തി.

അമലാപോള്‍ ഇപ്പോള്‍ വിജയ് യുമായി വേര്‍പരിഞ്ഞാണ് താമസിക്കുന്നതെന്നും അമലയുടെ മൊബൈല്‍ ഫോണിന്റെ ഇന്‍കമിങ്ങ് കോള്‍ പോലും തടഞ്ഞുവെച്ചിരിക്കുകയാണെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമലയുടെ വീട്ടുകാരുടെ അഭിപ്രായം പോലും കണക്കിലെടുക്കാന്‍ അമല പോള്‍ തയ്യാറാകുന്നില്ലെന്നും അളകപ്പന്‍ പറയുന്നു. അഭിനയത്തേക്കാള്‍ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കണമെന്നതാണ് വിജയ് യുടെ അഭിപ്രായമെന്നും അളകപ്പന്‍ പറയുന്നു. വിവാഹജീവിതത്തിലെ ചില പൊരുത്തക്കേടുകളും തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാറുമായുള്ള അമലാ പോളിന്റെ അടുപ്പവുമാണ് ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാക്കിയതെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചത്. അമലാ പോള്‍ കുടുംബ ജീവിതത്തേക്കാള്‍ കരിയറിന് പ്രാധാന്യം നല്‍കിയതും വിവിധ ഭാഷകളിലായി ആറോളം ചിത്രങ്ങള്‍ക്ക് കരാര്‍ നല്‍കിയതും മാതാപിതാക്കളേയും വിജയ്‌യേയും അസ്വസ്ഥരാക്കിയെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി എഎല്‍ വിജയ് കഴിഞ്ഞ ദിവസം രംഗഗത്തു വന്നിരുന്നു. വിവാഹമോചന വാര്‍ത്ത നിഷേധിക്കാതെയാണ് വിജയ് പ്രതികരിച്ചത്. രണ്ട് കുടുംബങ്ങള്‍ ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ഇപ്പോള്‍ ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും എന്തായാലും താന്‍ മാതാപിതാക്കളുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും വിജയ് പറയുന്നു. കൂടുതലൊന്നും ഇപ്പോള്‍ പറയാനില്ലെന്നും വിജയ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ അമലാ പോള്‍ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

2011ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ എഎല്‍ വിജയ്‌യുമായി പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹജീവിതത്തേലേക്ക് കടന്നെങ്കിലും അമലാ പോള്‍ അഭിനയരംഗത്ത് സജീവമായിരുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് അമലാ പോള്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ധനുഷ് നായകനായ പുതിയ ചിത്രമായ വട ചെന്നൈയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് അമല ഇപ്പോള്‍.

DONT MISS
Top