ദുല്‍ഖറിനും ധനുഷിനും ഇന്ന് പിറന്നാള്‍

dq

മലയാളത്തിന്റെ കുഞ്ഞിക്ക എന്ന് വിശേഷിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാനും തമിഴ് താരം ധനുഷിനും ഇന്ന് പിറന്നാള്‍. യുവ താരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖറിന്റെ 30ആം ജന്മദിനമാണിന്ന്. ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്‍ എന്ന പേരുണ്ടായിരുന്നെങ്കിലും പിന്നീട് ആ ഹാഷ്ടാഗില്‍ ദുല്‍ഖറിന് കുടുങ്ങി കിടക്കേണ്ടി വന്നിട്ടില്ല. മറ്റ് പുതുമുഖ താരങ്ങള്‍ക്ക് കിട്ടാവുന്നതിനേക്കാള്‍ വ്യത്യസ്തവും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ ദുല്‍ഖറിലേക്ക് എത്തി. 2012ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെ എത്തിയ ദുല്‍ഖര്‍ ഉസ്താദ് ഹോട്ടലിലെ ഫൈസിയിലൂടെയും എബിസിഡിയിലെ ഫ്രീക്ക് ബോയിയിലൂടെയും പ്രേക്ഷക മനസില്‍ ഇടം പിടിച്ചു.

അവസാനം ചാര്‍ലിയിലൂടെയും കമ്മട്ടിപ്പാടത്തിലെ കൃഷ്ണനിലൂടെയും തനിക്ക് ഏത് വേഷവും ഇണങ്ങുമെന്ന് തെളിയിച്ചു. യുവത്വം കൊതിച്ച് പോകുന്ന ചാര്‍ലി എന്ന കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പോയവര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം തേടിയെത്തി. മണിരത്‌നം ചിത്രമായ ഒകെ കണ്‍മണിയിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ താരമാകാന്‍ ദുല്‍ഖറിനായി. മലയാളികള്‍ക്ക് എന്നും മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ഇതിനകം തന്നെ ദുല്‍ഖര്‍ സമ്മാനിച്ചു.

ചലച്ചിത്ര സംവിധായകനായ കസ്തൂരി രാജയുടെ മകനും തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ മരുമകന്‍ കൂടിയായ ധനൂഷിന്റെ 33-ആം പിറന്നാളാണിന്ന്. 2002-ല്‍ കസ്തൂരി രാജ തന്നെ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് ധനൂഷ് തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവെച്ചത്. പിന്നീട് ധനൂഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയമികവ് തെളിയിച്ചു. പിന്നീട് 2003ല്‍ തിരുടാ തിരുടി എന്ന ചിത്രത്തിലൂടെ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ചു. പഠിക്കാത്തവന്‍, യാരടി നീ മോഹിനി എന്നീ ചിത്രങ്ങള്‍ ധനൂഷിന് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചു. പിന്നീട് ആടുകളം എന്ന ചിത്രത്തിലൂടെ 2011ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി. മൂന്ന് എന്ന ചിത്രം ധനൂഷിലെ മികച്ച നടനേയും ഗാനരചയിതാവിനേയും ഗായകനേയും കാട്ടിത്തന്നു. ചിത്രത്തിലെ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഭാഷാ-ദേശ ഭേദമന്യേ സ്വീകരിക്കപ്പെട്ടു. 2013ല്‍ രാഞ്ചന എന്ന ചിത്ത്രതിലൂടെ ബോളിവുഡിലും താരം തന്റെ സാന്നിദ്ധ്യം അറിയിച്ചു.

DONT MISS
Top