കബാലി: രജനി എന്ന താരത്തിന്റെ ഭൂതലപ്രവേശം

kabali-2

രജനീകാന്തിന്റെ പുതിയ ചിത്രം കബാലി പ്രേക്ഷക മനസുകള്‍ കീഴടക്കുകയാണ്. ഏറെ കാലത്തിന് ശേഷം എത്തിയ ഈ രജനി ചിത്രം പതിവ് വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ചടുലത, പഞ്ച് ഡയലോഗുകള്‍, അമാനുഷിക പ്രഭാവം എന്നിങ്ങനെയുള്ള താരക്കൂട്ടുകളില്‍ മിതത്വം പാലിക്കുന്നു എന്നതാണ് കബാലിയുടെ പുതുമ. പ്രമേയത്തിലെ റിയലിസ്റ്റിക് സമീപനവും ചിത്രത്തെ വേറിട്ട അനുഭവമാക്കുന്നു. ജനപ്രിയ സിനിമയുടെ മൂശ ഉടച്ചു വാര്‍ക്കുന്നില്ലെങ്കിലും കബാലി മുന്നോട്ടു വയ്ക്കുന്ന ചില സൂക്ഷ്മതല രാഷ്ട്രീയങ്ങള്‍ വിപ്ലവകരവുമാണ്.

മണ്ണിലേക്കിറങ്ങിയ രജനീകാന്ത്

kabali

രജനീകാന്ത് എന്ന നടനില്‍ നിന്ന് താരത്തിലേക്കുള്ള വളര്‍ച്ച തമിഴ് സിനിമയുടെ ഭാവുകത്വ പരിണാമത്തിന്റെ ചരിത്രം കൂടിയാണ്. തമിഴ് തീവ്ര സ്വത്വത്തെ പലകുറി ഉപയോഗിച്ചാണ് രജനിയുടെ പല കഥാപാത്രങ്ങളും വിഗ്രഹബിംബങ്ങളായത്. സിനിമയുടെ പ്രമേയ പരിസരം എന്തായിരുന്നാലും രജനി എന്ന താരത്തിന് ചില പതിവ് രീതികള്‍ ഉണ്ടായിരുന്നു. സമ്പന്നന്‍ ആകുമ്പോഴും ദരിദ്രന്‍ ആകുമ്പോഴും ജീവിത സ്ഥലികളില്‍ രജനീപാത്രങ്ങല്‍ ഇതുവരെ പുലര്‍ത്തിപ്പോന്ന വഴക്കങ്ങള്‍ തന്നെയാണ് ജനപ്രിയതയെ നിര്‍മ്മിച്ചിരുന്നതും. ചടുല നടത്തവും ആവേശം കൊള്ളിക്കുന്ന ഡയലോഗുകളും രജനി എന്ന നടനപ്പുറം താരത്തിന്റെ അടയാളമായിരുന്നു.

രജനിയുടെ മുഴുനീള പഞ്ച് ഡയലോഗുകള്‍ പ്രതീക്ഷിച്ച് തിയേറ്ററില്‍ തിക്കിത്തിരക്കിയ പ്രേക്ഷകര്‍ നിരാശരായി. നീളത്തില്‍ ത്രില്ലര്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചവരുടേയും ആശയറ്റു. നൃത്തച്ചുവടുകളില്‍ ആവേശം നിറച്ച് രജനി എത്തുമെന്ന് കരുതിയവരും കണ്ണേ മടങ്ങുക പറഞ്ഞ് തിയേറ്റര്‍ വിട്ടിട്ടുണ്ടാകാം. എന്നാല്‍ പിടിച്ചിരുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞു നടനവൈഭവം താര സങ്കല്‍പ്പത്തെ വകഞ്ഞുമാറ്റി കയറി വരുന്നത്. ഒന്നല്ല, പലകുറി. കബലീശ്വരന്‍ എന്ന ഗ്യാംങ്സ്റ്റര്‍ പലപ്പോഴും നിസ്സഹായനായി മാറുന്നത് പ്രേക്ഷകര്‍ കാണുന്നുണ്ട്. അമാനുഷികതയല്ല എല്ലാ തരത്തിലും പച്ച മനുഷ്യനാണ് രജനികാന്ത് കബാലിയില്‍.

സിനിമയിലെ നിറ സാന്നിധ്യമല്ല കബാലിയിലെ രജനി. ചില രംഗങ്ങളില്‍ രജനി ഔട്ട് ഓഫ് ഫ്രെയിമാണ്. അല്ലെങ്കില്‍ അപ്രധാനമാണ് ആ രംഗത്തില്‍ രജനിയുടെ സാന്നിധ്യം. അത് വില്ലന്‍ കഥാപാത്രത്തിന്റെ വരവില്‍ അല്ല എന്നതും പ്രധാനമാണ്. രജനിയുടെ ഭാര്യ, മകള്‍ എന്നിങ്ങനെയുള്ള സ്ത്രീ സാന്നിധ്യത്തിലാണ് ഇത് സംഭവിക്കുന്നത്.

റിയലിസ്റ്റിക്കാണ് കബാലി

kabali-1

കബാലിയുടെ പ്രമേയ പരിസരം അതിഭാവുകത്വ സമ്പന്നമല്ല. മലേഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ പാകിയ വ്യാവസായിക മുന്നേറ്റത്തിന്റെ ഭാഗമാണ് അവിടുത്തെ തമിഴ് വംശജര്‍. തോട്ടങ്ങളിലെ പണിക്ക് എത്തുകയും നന്നായി അധ്വാനിച്ച് ജീവിതമുന്നേറ്റം ഉണ്ടാക്കുകയും ചെയ്ത ആ ചരിത്രവുമായി സിനിമയ്ക്ക് ഇഴയടുപ്പം ഉണ്ട്. സ്വദേശീയ മുതലാളിത്തത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള ആദ്യകാല തൊഴിലാളി മുന്നേറ്റത്തിന്റെ ചിത്രീകരണം സിനിമയിലുണ്ട്. കബലീശ്വരന്റെ വളര്‍ച്ച തുടങ്ങുന്നത് അവിടെ നിന്നാണ്. ശേഷം മലേഷ്യയിലെ തമിഴ് ദേശീയതയുടെ തീവ്രമുഖമായ നേതാവുമായി കബലീശ്വരന്‍ ഇടപെടുമ്പോള്‍ അത് മലേഷ്യയിലെ തമിഴ് തീവ്രസ്വത്വത്തിന്റെ പ്രകാശനമാണ്. അവിടെ നിന്ന് വ്യവസായ ശൃംഖലയും വിദ്യാഭ്യാസ മുന്നേറ്റവും സാധ്യമാക്കുന്ന മുതലാളിത്ത ശ്രേണിയിലേക്കാണ് നായകന്റെ കടന്നുകയറ്റം. അത് ഒട്ടും അതിശയോക്തിപരവുമല്ല. ഭാര്യ,സുഹൃത്തുക്കള്‍ എന്നിങ്ങനെയുള്ള സ്വാഭാവിക വൈകാരിക ലോകമാണ് അപ്പോഴൊക്കെ കബാലിയുടേത്. ഭാര്യയുടെ കൊലപാതകവും ജയില്‍ വാസവുമൊക്കെ കബലീശ്വരനെ കരുത്തനാക്കുന്നു എന്നതാകട്ടെ ത്രില്ലര്‍ സ്വഭാവത്തിന് വേണ്ടിയുള്ള മൂശയൊരുക്കലല്ല താനും. അനുഭവത്തിന്റെ കരുത്തും ഒപ്പം വായന പകര്‍ന്ന പുതിയ കാഴ്ചയും ആണ് കബാലിശ്വരന്‍ എന്ന കഥാപാത്രത്തെ പിന്നീടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്. ആ നിയന്ത്രണം സിനിമയിലുടനീളം നിലനിര്‍ത്തുന്നു എന്നതാണ് കബാലിയുടെ പ്രമേയ പരിസരത്തെ റിയലിസ്റ്റിക്കായി തീര്‍ക്കുന്നത്.

കരുത്തുള്ള പെണ്ണടയാളങ്ങള്‍

kabali-2

താരചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ പലപ്പോഴും അപ്രസക്തരാണ്. നായകന്റെ അമാനുഷിക പ്രകടനങ്ങള്‍ക്ക് സാക്ഷിയാവുക എന്നതിനപ്പുറം സ്വന്തമായി ഒരു ദൗത്യവും അവര്‍ നിര്‍വഹിക്കാറുമില്ല. എന്നാല്‍ കബാലിയില്‍ സ്ഥിതി വ്യത്യസ്തമാണ്. കബാലിയെ ജീവിതവഴി ക്രമപ്പെടുത്തുന്നത് തന്നെ ഈ സ്ത്രീ കഥാപാത്രങ്ങളാണ്- ചിലപ്പോഴൊക്കെ കുമുദവല്ലി എന്ന രജനിയുടെ ഭാര്യ, അല്ലെങ്കില്‍ ധന്‍സിക അഭിനയിച്ച രജനിയുടെ മകള്‍ കഥാപാത്രം. തോക്ക് കയ്യിലെടുത്ത പെണ്‍കരുത്താണ് രജനിയുടെ മകള്‍ കഥാപാത്രത്തിന്റേത്. അതേ സമയം, ഭര്‍ത്താവിന്റെ വരവ് കാത്തിരിക്കുന്ന പെണ്‍ കരുത്താണ് കുമുദവല്ലി. അത് പതിവിന്‍പടിയല്ലേ എന്ന ചോദ്യം ഉയരുക സ്വാഭാവികം. എന്നാല്‍, അതിനുമപ്പുറം കുമുദവല്ലി ഭാര്യയുടെ പതിവ് വാര്‍പ്പ് മാതൃകയല്ല പിന്‍പറ്റുന്നത് (കാത്തിരിപ്പിന്റെ കരുത്ത്) എന്നതാണ് ശ്രദ്ധേയം. മകളുടെ ജീവന്‍ രക്ഷിക്കുന്ന പിതാവ് എന്ന പതിവിന്‍പടി കാഴ്ചയല്ല, പിതാവിന്റെ ജീവന്‍ രക്ഷിക്കുന്ന മകള്‍ എന്ന അപൂര്‍വതയാണ് കബാലിയിലെ പെണ്‍ അടയാളം.

dhansika

പ്രതീക്ഷ നല്‍കുന്ന സൂചകങ്ങള്‍

ജനപ്രിയതയുടെ അടയാളങ്ങള്‍ ആഴത്തില്‍ പതിഞ്ഞ രജനീചിത്രങ്ങള്‍ തമിഴ് സ്വത്വമാണ് ഉയര്‍ത്തി കാണിച്ചിട്ടുള്ളത്. എന്നാല്‍ കബാലിയിലെ ചില രംഗങ്ങളും ഡയലോഗുകളും ദളിതത്വത്തിന്റെ സൂക്ഷ്മതല സ്പര്‍ശിയാണ്. രജനിയുടെ രംഗപ്രവേശം തന്നെ തെലങ്കാന ദളിത് എഴുത്തുകാരന്‍ സത്യനാരായണയുടെ പുസ്തകം അടച്ചുവെച്ച് ജയിലിനു പുറത്തേക്ക് വരുന്ന സീനിലൂടെയാണ്. ജയിലില്‍ വായനയുടെ ഇടം ദളിതത്വമായി പരിണമിച്ചിരിക്കുന്നു എന്ന സൂചകം പുതിയതാണ്. ഗാന്ധിജിയും ഗാന്ധിയിസവും ഒക്കെയാണ് സാധാരണ ഗതിയില്‍ ഇത്തരം രംഗങ്ങളിലെ മുന്‍കാല സിനിമ അനുഭവം എങ്കില്‍ കബാലി അതില്‍ നിന്നുള്ള വിടുതലാണ്. തമിഴ് സ്വത്വ പരിസരത്തെ ഈ ദളിതത്വത്തെ ഉയര്‍ത്തിയാണ് സിനിമ നേരിടുന്നത്. അംബേദ്കറുടെ പേര് ഉപയോഗിക്കുന്ന (ഉപയോഗിച്ച) മുഖ്യധാരാ സിനിമകള്‍ എത്രയുണ്ട് എന്ന ചോദ്യമുയരുമ്പോള്‍ കബാലിയുടേത് വഴിമാറി നടത്താണ്. അംബേദ്കറിസം പുതിയ കാലത്തിന്റെ ചിന്താ പദ്ധതിയായി പരിചരിക്കപ്പെടുന്നുണ്ട് ,ആ നിലയ്ക്ക് ഈ പരിണാമം സൂക്ഷ്മതലി ആണെങ്കിലും ഉറച്ച ചുവടുവയ്പ്പാണ്.

ചില അവശേഷിപ്പുകള്‍

kabalii

രജനിയുടെ പതിവ് ശൈലിയല്ല കബാലി എന്നുറപ്പിക്കുമ്പോഴും സിനിമയുടെ അവസാന രംഗത്തിലെ ഒരു വെടിയൊച്ച ധൈര്യമില്ലായ്മയാണ്. രജനിയുടെ കബാലീശ്വരന്‍ എന്ന ഗ്യാംങ്സ്റ്ററിനെ വധിക്കാന്‍ മലേഷ്യന്‍ പൊലീസ് തന്നെ ഒരാളെ നിയോഗിക്കുകയാണ്. ആ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നത് കബാലീശ്വരനെ വകവരുത്തണം എന്ന് നിര്‍ദ്ദേശിച്ചാണ്. അയാള്‍ ആഘോഷ വേളക്കിടെ രജനിയുടെ സമീപത്തേക്ക് എത്തുന്നത് സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ ദൃശ്യമില്ല. മുഴങ്ങുന്നത് ഒരു വെടിയൊച്ച മാത്രം. സന്ദര്‍ഭവും സാധ്യതയും സൂചകവും കൂട്ടി വായിച്ചാല്‍ വെടിയേല്‍ക്കുന്നത് കബാലീശ്വരന്‍ എന്ന രജനിക്കാണ്. എന്നാല്‍, അവിടെ ദൃശ്യങ്ങള്‍ ആവശ്യമില്ല എന്ന് തീരുമാനിക്കുന്നത് ധൈര്യമില്ലായ്മയാണ്. രജനി വെടിയേറ്റ് മരിക്കുന്ന ദൃശ്യം സ്‌ക്രീനില്‍ വന്നാല്‍ രജനിയുടെ കോടിക്കണക്കിന് ആരാധകര്‍ എന്ത് ചെയ്യും എന്ന പ്രവചനീയതയെ ഭയക്കുന്നു പാ രഞ്ജിത്ത് എന്ന സംവിധായകനും. വേണമെങ്കില്‍ സിനിമയ്ക്ക് രണ്ടാം ഭാഗത്തിനുള്ള ട്വിസ്റ്റ് ഒരുക്കല്‍ എന്നും പറയാം. എന്നാല്‍ അതുവരെയുണ്ടായിരുന്ന ദൃശ്യപരതയെ നിഷേധിക്കുമ്പോഴാണ് അത് ഒരു സിനിമാ തന്ത്രമായി പരിണമിക്കുന്നത്.

വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങി രജനി. സിനിമയിലെ രജനിയുടെ രംഗപ്രവേശങ്ങള്‍ക്കൊപ്പം കടന്നുവരുന്ന പശ്ചാത്തല സംഗീതവും മനസില്‍ തങ്ങി നില്‍ക്കുന്നത് തന്നെ. ഒന്നു പറയാതെ വയ്യ. ചില സീനുകളില്‍ രജനികാന്ത് എന്ന നടന്‍ എത്ര ദുര്‍ബലനായി കഴിഞ്ഞു പ്രായം കൊണ്ട് എന്ന് നാം മനസിലാക്കുന്നുണ്ട്. ഏറെ പണിപ്പെട്ട് രജനിക്ക് ആ പതിവ് നടത്തരീതി പൂര്‍ത്തിയാക്കേണ്ടി വരുന്നതും മനസിലാക്കാന്‍ കഴിയുന്നത് തന്നെ. ഇനിയൊരു ബ്രഹ്മാണ്ഡ രജനീ ചിത്രം ഉണ്ടാകുമോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് രജനിയുടെ ഈ ഭൂതലപ്രവേശം എന്നതും പറയാതെ വയ്യാ…

DONT MISS
Top