സുല്‍ത്താന്‍, ബാഹുബലി റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കബാലി കുതിപ്പ്

kabalii

കബാലിയിലെ ഒരു രംഗം

സുല്‍ത്താന്റേയും ബാഹുബലിയുടേയും കളക്ഷന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി കബാലി കുതിക്കുന്നു. റിലീസിനു മുന്‍പേ 500 കോടി ക്ലബ്ബില്‍ സ്ഥാനം നേടിയ കബാലി റിലീസ് ചെയ്ത് ആദ്യ ദിനത്തില്‍ മാത്രം നേടിയത് 35 കോടിയാണ്.

ഇന്ത്യയില്‍ മാത്രം 12000 തീയറ്ററുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നത്. ചിത്രത്തിന്റെ യുഎസിലെ വിതരണക്കാരായ സിനി ഗ്യാലക്‌സി നല്‍കുന്ന കണക്കനുസരിച്ച് പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രം ‘കബാലി’ 2 മില്യണ്‍ ഡോളര്‍ നേടി. എന്നാല്‍ ഇത് പൂര്‍ണമായ കണക്കല്ലെന്നും ചില തീയറ്ററുകളിലെ കണക്കുകള്‍ ലഭ്യമാകാനുണ്ടെന്നും വിതരണക്കാര്‍ പറയുന്നു. യുഎസ് പ്രീമിയര്‍ ഷോ കളക്ഷന്റെ കാര്യത്തില്‍ ബാഹുബലിയെയും സുല്‍ത്താനെയുമൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് കബാലി. 1.38 മില്യണ്‍ ഡോളറായിരുന്നു ‘ബാഹുബലി’യുടെ യുഎസ് പ്രീമിയര്‍ ഷോ കളക്ഷന്‍. സല്‍മാന്റെ ‘സുല്‍ത്താന്‍’ നേടിയത് 0.8 മില്യണും.

തമിഴ്, തെലുങ്ക് പതിപ്പുകളിലായി യുഎസില്‍ 450 സ്‌ക്രീനുകളിലാണ് ‘കബാലി’ റിലീസ് ചെയ്തത്. ചിത്രത്തിന് ലഭിച്ച വമ്പന്‍ പ്രചരണം മുതലാക്കാനായി ഈ രണ്ട് ഭാഷകളിലുമായി 260 സ്‌ക്രീനുകളിലാണ് സിനി ഗ്യാലക്‌സി പ്രീമിയര്‍ ഷോകള്‍ നടത്തിയത്. ഈ വാണിജ്യ തന്ത്രമാണ് രണ്ട് മില്യണിലേക്ക് കളക്ഷന്‍ എത്തിച്ചത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ തീയറ്ററുകളിലെത്തിയ കബാലിക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പേ ചിത്രത്തിന്റെ ടിക്കറ്റുകല്‍ വിറ്റുപോയിരുന്നു. പണം എത്ര നല്‍കിയാല്‍ പോലും ടിക്കറ്റ് ലഭിക്കാത്തത്രയും ആവേശമായിരുന്നു സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തിനു ലഭിച്ചത്.

DONT MISS
Top