ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനത്തെതുടര്‍ന്ന് വനിതാ എസിപി ആത്മഹത്യയ്ക്ക് ശ്രമിച്ചു

hasan harrasment

ഹസന്‍: മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനം സഹിക്കന്‍ കഴിയാതെ കര്‍ണാടകയില്‍ വനിതാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കര്‍ണാടകയിലെ ഹസനിലാണ് സംഭവം. വീട്ടിലെ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ഹസനിലെ എസിപി ആയ വിജയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാര്‍ വിജയയെ രക്ഷിക്കുകയായിരുന്നു. വിജയ ഇപ്പോള്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കര്‍ണാടകയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.

അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ശോഭ റാണിയെ വിളിച്ച് താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞതിന് ശേഷമാണ് വിജയ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാനസിക പീഡനം സഹിക്കവയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് വിജയ പൊലീസ് സൂപ്രണ്ടിനോട് പറഞ്ഞത്. തുടര്‍ന്ന് ശോഭ റാണി വിജയയുടെ വീട്ടുകാരെ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. ഇതാണ് വിജയയെ രക്ഷിക്കാന്‍ വീട്ടുകാരെ സഹായിച്ചത്. വൈകിട്ട് നാലുമണിയോടെ വീട്ടിലെത്തിയ വിജയ സ്വന്തം മുറിയിലെ ഫാനില്‍ സാരികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 5.30 ഓടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

ഡെപ്യൂട്ടി കമ്മീഷണര്‍ ഉമേഷ് കുശുഗലും അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജാനകിയും മകളെ മാനസികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നെന്ന് വിജയയുടെ അമ്മ സുമിത്ര അഭിപ്രായപ്പെട്ടു. ഒരു മാസം മുന്‍പ് വിജയയെ ഹസനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലിനെ സമീപിച്ച് വിജയ എസിപി സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

കഴിഞ്ഞയാഴ്ചയും സംസ്ഥാനത്ത് സമാനമായ സംഭവം ഉണ്ടായി. ബംഗളുരുവിലെ വിജയ്‌നഗര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന 32 കാരിയായ രൂപ താംബെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനം കാരണം ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കര്‍ണാടകയില്‍ ഉന്നതരില്‍ നിന്നുള്ള പീഡനം കാരണം പൊലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുകയോ സ്ഥാനം ഉപേക്ഷിക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ച് വരികയാണ്. ഈ മാസം എട്ടിന് മംഗളുരു പൊലീസ് സൂപ്രണ്ട് എം കെ ഗണപതി സര്‍ക്കാരില്‍ നിന്നുള്‍പ്പെടെയുള്ള സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്തത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. ഇതില്‍ ആരോപണവിധേയനായ മന്ത്രി കെ ജെ ജോര്‍ജ്ജ് അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

DONT MISS
Top