എങ്ങും കബാലി മയം: ആരാധകരുടെ ഹരത്തില്‍ പങ്കുചേര്‍ന്ന് രജനിയുടെ കുടുംബവും; കിടിലന്‍ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത് ധനുഷ്

kabali-rajani

ആവേശം നിറച്ച് രജനികാന്ത് ചിത്രം കബാലി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രജനികാന്തിന്റെ പുതിയ ചിത്രത്തെ വാനോളം പുകഴ്ത്തുകയാണ് ചിത്രം കണ്ടിറങ്ങിയ ആരാധകര്‍. ചിത്രം നിരാശപ്പെടുത്തിയെന്നും ചിലര്‍ പ്രതികരിക്കുന്നു. ലോകത്തെമ്പാടുള്ള ആരാധകര്‍ക്കൊപ്പം രജനിയുടെ കുടുംബവും ചിത്രത്തിന്റെ ആവേശത്തില്‍ പങ്കുചേരുകയാണ്.

മകള്‍ ഐശ്വര്യയും മരുമകന്‍ ധനുഷും രജനിക്ക് എല്ലാവിധ ആശംസകളും പിന്തുണയും അര്‍പ്പിച്ച് സൂപ്പര്‍സ്റ്റാറിനൊപ്പമുണ്ട്. റിലീസിന് മുമ്പ് കിടിലന്‍ പോസ്റ്റര്‍ ട്വീറ്റ് ചെയ്താണ് ധനുഷ് രജനിക്ക് ആശംസ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ രജനിയുടെ പഴയ കാലവവും ചിത്രീകരിക്കുന്നുണ്ട്. രജനിയുടെ പഴയ ലുക്കും പുതിയ ലുക്കുമാണ് പോസ്റ്ററിലുള്ളത്.

കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ. ഷോയ്ക്കു മുമ്പേ തീയറ്ററിലെത്തിയ ആരാധകര്‍ ചിത്രത്തിന്റെ ഫ് ളക്‌സില്‍ പാലഭിഷേകം നടത്തി.  നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പല തിയറ്ററുകളിലും ടിക്കറ്റ് ലഭ്യമായത്.

ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്.  ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.

DONT MISS
Top