‘കബാലി കണ്ട് തരിച്ചിരുന്ന സെന്‍സര്‍ ബോര്‍ഡിനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍”: രോഷപ്രകടനവുമായി ഒരു കൂട്ടം പ്രേക്ഷകര്‍

kabali1

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തി. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. അതേസമയം ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രജനീ ആരാധകര്‍ ആവേശപൂര്‍വ്വം പ്രതീക്ഷിച്ചിരുന്ന ഇഫക്ട് കബാലി നല്‍കുന്നില്ല എന്നതാണ് ചിത്രം കണ്ടിറങ്ങിയ പലരുടേയും അഭിപ്രായങ്ങള്‍ സൂചിപ്പിക്കുന്നത്.

ചിത്രം നിലവാരം പുലര്‍ത്തിയില്ലെന്ന് പറഞ്ഞ ചിലര്‍ സെന്‍സര്‍ ബോര്‍ഡിനെതിരേയും വിമര്‍ശനം ഉന്നയിച്ചു. കബാലി കണ്ട് എഴുന്നേറ്റ് കൈയടിച്ച സെന്‍സര്‍ ബോര്‍ഡ് എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തെ പുകഴ്ത്തിയതെന്ന സംശയമാണ് ചില പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്. വളരെ മന്ദഗതിയിലാണ് ചിത്രത്തിന്റെ പോക്കെന്ന് നിരാശാബോധത്തോടെ ഇവര്‍ പരിതപിക്കുന്നു. പ്രതീക്ഷകളുടെ അമിത ഭാരവുമായി കബാലി കാണാന്‍ കഷ്ടപ്പെട്ട് തിയേറ്ററുകളില്‍ ത്തുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം എന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. നേരത്തേ കബാലി കണ്ട് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കോരിത്തരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. നെരുപ്പ് ഡാ എന്നാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തെകുറിച്ച് പറഞ്ഞതെന്നും പറയുന്നു. ചിത്രം സംവിധാനം ചെയ്ത രഞ്ജിത് പാ ഇന്ത്യയിലെ ഏറ്റവും വിലയുളള സംവിധായകനായി മാറുമെന്ന് ചില അംഗങ്ങള്‍ സൂചിപ്പിച്ചു. ഇതിനെതിരെയാണ് പ്രേക്ഷകരുടെ പ്രതികരണം.

എന്നാല്‍ ഇതിന് നേര്‍വിപരീത അഭിപ്രായം പ്രകടിപ്പിക്കുന്നവരും ചിത്രം കണ്ടിറങ്ങിയവരില്‍ ഉണ്ട്. ഇവര്‍ക്ക് ചിത്രത്തിലെ ഹിറ്റ് വാക്ക് പോലെ നെരുപ്പ് തന്നെയാണ് ചിത്രവും. ചിത്രം പതിവ് രജനി പടം പോലെ ആക്ഷനില്‍ മാത്രം ഒതുങ്ങുന്നില്ല. ചിത്രം റിയലിസ്റ്റിക് ആണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍പ്പുവിളികള്‍ക്കൊപ്പം മനസിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സീനുകളും പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ ബ്രഹ്മാണ്ഡ രജനി ചിത്രത്തില്‍ ഉണ്ടെന്ന് അനുകൂലികള്‍ പറയുന്നു.

DONT MISS
Top