കബാലി റിലീസിനായി ആകാംക്ഷയോടെ പ്രേക്ഷക ലക്ഷങ്ങള്‍; കേരളത്തില്‍ 306 തിയറ്ററുകളില്‍ റിലീസ്

kabali

സ്റ്റൈല്‍മന്നന്‍ രജനീകാന്ത് ചിത്രം കബാലി നാളെ റിലീസ് ചെയ്യും. കേരളത്തില്‍ 306 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിവസേന 2000 പ്രദര്‍ശനങ്ങള്‍ ഉണ്ടാവും. തമിഴ്‌നാട്ടിലും ആന്ധ്രയിലും തുടങ്ങി അമേരിക്കയില്‍ വരെ കബാലി കാണാന്‍ ആരാധകര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്.

നെരുപ്പ് എന്നാല്‍ തീ എന്നാണര്‍ത്ഥം, അക്ഷരാര്‍ത്ഥത്തില്‍ കബാലി തീപോലെ പടര്‍ന്ന് പിടിച്ചു കഴിഞ്ഞു. കബാലി ജ്വരം പോലെ പടരുമ്പോള്‍ അതിന്റെപ സാമ്പത്തിക ഗുണഫലം ഉപയോഗപ്പെടുത്താനുള്ള ശ്രമം കൂടിയാണ് വന്‍ കമ്പനികളും നടത്തുന്നത്. എയര്‍ ഏഷ്യയും എയര്‍ടെലും തുടങ്ങി എഫ് എം റേഡിയേ സ്റ്റേഷനുകള്‍ വരെ വാഗ്ദാനങ്ങളും ഇളവുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് കബാലി ആഘോഷത്തില്‍ പങ്കു ചേരുന്നു. ചെന്നൈയില്‍ മിക്ക തിയറ്ററുകളിലും ടിക്കറ്റുകള്‍ 300 മുതല്‍ 500 രൂപ വരെ നിരക്കിലാണ് വിറ്റു തീര്‍ന്നു കഴിഞ്ഞത്. കോര്‍പ്പറേറ്റ് ബഹുരാഷ്ട്ര കമ്പനികള്‍ ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയിട്ടുമുണ്ട്. കബാലിയ്ക്ക് ആഗോള റിലീസ് ആയതിനാലും രണ്ടാഴ്ചക്കിടെ മറ്റു റിലീസുകള്‍ ഇല്ലാത്തതിനാലും ചിത്രത്തിന്റെ വാണിജ്യ വിജയം വിതരണക്കാര്‍ക്കും ഉറപ്പാകുമെന്നാണ് കബാലിയുടെ അണിയറ വര്‍ത്തമാനം.

സാധാരണ ഒരു ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് 80 കോടി രൂപ വരെ എത്തുമ്പോള്‍ കബാലിയുടെ ചെലവ് 70 കോടിയ്ക്കുള്ളില്‍ നിന്നു. ചിത്രം ഇപ്പോള്‍ തന്നെ തിയറ്റര്‍ വിതരണാവകാശം, ബ്രാന്‍ഡിംഗ്, സാറ്റലൈറ്റ്, ഓഡിയോ തുടങ്ങി വിവിധ മേഖലകളിലായി 200 കോടി നേടുകയും ചെയ്തു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 65 കോടി നേടി. തെലുങ്കില്‍ 32 കോടി മലയാളത്തില്‍ ഏഴര കോടി രൂപയും കന്നഡയില്‍ നിന്ന് 10 കോടിയും ബ്രാന്‍ഡിംഗില്‍ നിന്ന് 50 കോടി രൂപയുമാണ് ലഭിച്ചത്.

kabali-2

തമിഴ്‌നാട്ടില്‍ 750 തിയറ്ററുകളിലാണ് കബാലി റിലീസ് ചെയ്യുന്നത്. അമേരിക്കയില്‍ 500 തിയറ്ററുകളിലും കേരളത്തില്‍ 306 തിയറ്ററുകളിലും ചിത്രം റീലീസ് ചെയ്യുന്നു. ചെന്നൈ നഗരത്തില്‍ പല തിയറ്ററുകളിലും പുലര്‍ച്ചെ ഒരു മണിക്കും മൂന്ന് മണിക്കും പ്രദര്‍ശനങ്ങളൊരുക്കിയിട്ടുണ്ട്. പാലഭിഷേകം, രക്തദാനം, സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങി വെടിക്കെട്ടു വരെയുള്ള പരിപാടികളുമായി ആരാധകര്‍ കബാലി ആഘോഷം തുടങ്ങിക്കഴിഞ്ഞു. കബാലിയുടെ ഔദ്യോഗിക വിമാന കമ്പനിയായ എയര്‍ ഏഷ്യ ഒരു കബാലി വിമാനം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഏയര്‍ടെല്‍ അഞ്ച് രൂപയ്ക്ക് ഒരു മണിക്കൂര്‍ 2 ജി ഇന്റര്‍നെറ്റ് റീചാര്‍ജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാറിന്റെ ഫൈവ് സ്റ്റാറെന്ന വാചകത്തിലാണ് കാഡ്ബറി പരസ്യം ചെയ്തിരിക്കുന്നത്. തായ്‌ലന്റ്, ജപ്പാന്‍ മലയ തുടങ്ങിയ രാജ്യങ്ങളിലെ രജനി ആരാധകരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ കബാലി ഉത്പന്നങ്ങളും വിറ്റഴിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും കബാലി അഗ്‌നി പോലെ പടരുകയാണ്.

DONT MISS
Top