കൊച്ചിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ തൊഴിലാളികള്‍ കസ്റ്റഡിയില്‍

MARIJUNA

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതായി കണ്ടെത്തി. എളമക്കര പൊലീസ് സ്‌റ്റേഷന് സമീപം സോമ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഗോഡൗണിലാണ് മൂന്ന് മാസം വളര്‍ച്ചയെത്തിയ ആറ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടി വളര്‍ത്തിയതെന്ന് സംശയിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗോഡൗണിന്റെ അടുക്കളയുടെ സമീപത്തായാണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കഞ്ചാവ് ചെടികള്‍ നട്ടിട്ടുള്ളതായി പൊലീസിന് വിവരം നല്‍കിയത്. ഇവര്‍ കഞ്ചാവ് വലിക്കുന്നതും ചെടികളെ പരിപാലിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇവര്‍ സ്ഥലത്തെത്തി ചെടികള്‍ പരിശോധിച്ച് അതിന്റെ ഇലകള്‍ പറിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പൊലീസെത്തി സ്ഥലം പരിശോധിച്ചു. ചെടികള്‍ കഞ്ചാവാണെന്ന് ഉറപ്പുവരുത്തുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയിരുന്നു.

മൂന്ന് മാസം വളര്‍ച്ചയെത്തിയ ചെടികള്‍ ഉപയോഗിക്കാന്‍ പാകത്തിലായിക്കൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും കാടുപിടിച്ച് കിടക്കുന്നതിനാല്‍ ചെടികള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത നിലയിലായിരുന്നു.

DONT MISS
Top