സുനില്‍ ഗവാസ്‌കറിന്റെ ഓപ്പണിംഗ് റെക്കോര്‍ഡ് മറികടന്ന് അലിസ്റ്റര്‍ കുക്ക്

cook

ലണ്ടന്‍: ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ കാലങ്ങളായി കൈവശം വെച്ചിരുന്ന ഒരു റെക്കോര്‍ഡ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണര്‍ എന്ന റെക്കോര്‍ഡാണ് കുക്ക് ഗവാസ്‌കറില്‍ നിന്നും തട്ടിയെടുത്തത്. ഓപ്പണറായി സുനില്‍ ഗവാസ്‌കര്‍ നേടിയ 9,607 റണ്‍സ് കുക്ക് ഇന്നലെ മറികടന്നു.

ലോര്‍ഡ്‌സില്‍ പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് റെക്കോര്‍ഡ് പിറന്നത്. മുഹമ്മദ് ആമിറിനെ ബൗണ്ടറി പായിച്ച് 61 റണ്‍സില്‍ എത്തിയപ്പോഴാണ് പതിറ്റാണ്ടുകളായി ഗവാസ്‌കര്‍ കൈവശം വെച്ചിരുന്ന സവിശേഷമായ നേട്ടം 31 കാരനായ കുക്കിന്റെ പേരിലേക്ക് മാറിയത്. മത്സരത്തില്‍ കുക്ക് 81 റണ്‍സ് നേടി പുറത്തായി. ടെസ്റ്റില്‍ പതിനായിരത്തിലേറെ റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 13 ഇന്നിംഗ്‌സുകളില്‍ കുക്ക് ഓപ്പണര്‍ ആയിരുന്നില്ല.

അടുത്തിടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന ഒരു റെക്കോര്‍ഡും കുക്ക് തിരുത്തിക്കുറിച്ചിരുന്നു. 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോര്‍ഡാണ് കുക്കിന് മുന്നില്‍ വഴിമാറിയത്.

DONT MISS
Top