വിവാദങ്ങള്‍ ഒഴിയുന്നില്ല: സര്‍ക്കാരിനെതിരെ ക്വാറി ഉടമകള്‍ക്കു വേണ്ടി എംകെ ദാമോദരന്‍ ഹാജരാകും

pinarayi-newതിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹാജരായതിനെ ചൊല്ലിയുളള വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പേ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ വീണ്ടും വിവാദത്തില്‍. പാറമടകള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്വാറി ഉടമകള്‍ക്ക് വേണ്ടിയാണ് എം.കെ. ദാമോദരന്‍ ഹാജരാകുന്നത്. നേരത്തേ സാന്‍്‌റിയാഗോ മാര്‍ട്ടിനു വേണ്ടിയും വിജിലന്‍സ് കേസ് പ്രതി ആര്‍. ചന്ദ്രശേഖരനു വേണ്ടിയും എം.കെ ദാമോദരന്‍ ഹാജരായത് വിവാദമായിരുന്നു.

അഞ്ചു ഹെക്ടറില്‍ താഴെയുളള ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ക്വാറി ഉടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് ദാമോദരന്‍ നാളെ ഹാജരാകുന്നത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ പ്രതിയായ ഐഎന്‍ടിയുസി നേതാവിന് വേണ്ടിയും എംകെ ദാമോദരന്‍ ഹാജരായതും വിവാദമായിരുന്നു.

എന്‍ഫൊഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരെ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയിലാണ് എം കെ ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതി വെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം കെ ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.

അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നടപടി തടയണമെന്നായിരുന്നു മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജി. മാര്‍ട്ടിന്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസുകളില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടിക്കും ഇത് അംഗീകരിച്ച കീഴ്‌കോടതി നിലപാടിനുമെതിരെ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള റിവിഷന്‍ ഹര്‍ജി പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ മാര്‍ട്ടിന് വേണ്ടി ഹാജരായത്.

DONT MISS
Top