മുന്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എയ്‌ക്കെതിരെ വിജിലന്‍സ് കേസ്; സമ്പത്തില്‍ 200 ശതമാനത്തിലധികം വര്‍ദ്ധന

CN Bala

തൃശൂര്‍: മുന്‍മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പി എ ജോസഫ് ലിജോ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തി. ലിജോയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയിരിക്കുന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് ജോസഫ് ലിജോയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസെടുത്തു. ലിജോ ഒരു കോടിയിലേറെ രൂപ അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. പരിശോധന ഇപ്പോഴും തുടരുകയാണ്.

പരിശോധനയില്‍ വിജിലന്‍സ് വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. ലിജോ വരുമാനത്തേക്കാള്‍ 200 ശതമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ലിജോയുടെ ബന്ധുക്കളുടെ അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചു. ഈ അക്കൗണ്ടുകളിലെ നിക്ഷേപങ്ങളിലും ദുരൂഹത. അടുത്തിടെയായി ലിജോ മൂന്നിടത്ത് ഭൂമി വാങ്ങിക്കൂട്ടി. ഇത്രയധികം വരുമാനത്തിന്റെ ഉറവിടം എന്തെന്ന് വ്യക്തമാക്കാന്‍ ലിജോയ്‌ക്കോ ബന്ധുക്കള്‍ക്കോ കഴിഞ്ഞിട്ടില്ല. ഇതിനുള്ള വരുമാനം എവിടെ നിന്നെന്ന് വ്യക്തമല്ല. അഴിമതിയിലൂടെയാകാം സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സിന്റെ നിഗമനം. സാമ്പത്തികമായ പലകാര്യങ്ങളിലും വിജിലന്‍സ് ലിജോയില്‍ നിന്ന് വ്യക്തത തേടും.

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ പിഎ മാരുടെ വീടുകളിലും വിജിയ ലന്‍സ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി എന്‍ ബാലകൃഷ്ണനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എറണാകുളം വിജിലന്‍സ് സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിജോയുടെ അരണാട്ടുകരയിലുള്ള വീട്ടില്‍ പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച നിരവധി രേഖകള്‍ പിടിച്ചെടുത്തു.

DONT MISS
Top