വിംബിള്‍ഡണ്‍ ഞെട്ടി; നൊവാക്കിന്റെ വിജയക്കുതിപ്പിന് വിരാമമായി

Djoko

ലണ്ടന്‍: വിംബിള്‍ഡണ്‍ കണ്ട ഏറ്റവും വലിയ അട്ടിമറിയില്‍ ലോക ഒന്നാം നമ്പറും നിലവിലെ ചാമ്പ്യനുമായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് പുറത്തായി. അമേരിക്കയുടെ സാം ഖുറെയാണ് നൊവാക്കിന്റെ വിജയക്കുതിപ്പിന് വിരാമമിട്ടത്. അതേസമയം റോജര്‍ ഫെഡറര്‍, ആന്റി മറെ, മിലാസ് റവോനിക് എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു.

ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു അമേരിക്കയുടെ സാം ഖുറെ നൊവാക്കിനെയും വിംബിള്‍ഡണ്‍ കോര്‍ട്ടിനെയും ഒരുപോലെ ഞെട്ടിച്ചത്. സ്‌കോര്‍ 7-6(8-6), 6-1, 3-6, 7-6(7-5). മഴ കളിമുടക്കിയ മത്സരത്തില്‍ ആദ്യ ഒരു മണിക്കൂറില്‍ത്തന്നെ ഖുറെ രണ്ട് സെറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ടൈബ്രേക്കറിലേക്ക് നീങ്ങിയ ആദ്യ സെറ്റ് 7-6 ന് സ്വന്തമാക്കി സൂചന നല്‍കിയ ഖുറെ രണ്ടാം സെറ്റില്‍ സെര്‍ബിയന്‍ താരത്തെ 6-1 ന് തകര്‍ത്ത് കാണികളെ ഞെട്ടിച്ചു. മഴ നല്‍കിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ദ്യോകോ 6-3 ന് മൂന്നാം സെറ്റ് നേടി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് തെളിയിച്ചു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി കോര്‍ട്ടില്‍ ക്ഷീണിതനായി കാണപ്പെട്ട സെര്‍ബ് താരം ഒരു തിരിച്ചു വരവിന് സാധ്യതയില്ലെന്ന് വ്യക്തമായിരുന്നു. നാലാം സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ട്രൈബ്രേക്കറില്‍ എതിരാളിയെ നിഷ്പ്രഭമാക്കി ഖുറെ സെറ്റും മത്സരവും സ്വന്തമാക്കി.

ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ ദ്യോകോയുടെ തുടര്‍ച്ചയായ 31 വിജയങ്ങളുടെ കുതിപ്പിനാണ് ഇതോടെ വിരാമമായത്. കലണ്ടര്‍ ഗ്രാന്റ് സ്ലാം എന്ന സ്വപ്‌ന നേട്ടം മനസില്‍ കരുതി മുന്നോട്ട് നീങ്ങുകയായിരുന്ന സെര്‍ബ് താരത്തിന് തോല്‍വി കനത്ത തിരിച്ചടിയായി. വിംബിള്‍ഡണും യുഎസ് ഓപ്പണും കൂടി നേടിയിരുന്നെങ്കില്‍ ദ്യോകോവിച്ചിന് കലണ്ടര്‍ സ്ലാം തികയ്ക്കാന്‍ കഴിയുമായിരുന്നു.

അതേസമയം ഏഴ് വട്ടം ചാമ്പ്യനായ സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനെ 6-4, 6-2, 6-2 എന്ന സ്‌കോറിനാണ് ഫെഡറര്‍ തകര്‍ത്തത്. മൂന്നാം റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ രണ്ടാം സീഡ് ആന്റി മറെ ജോണ്‍ മില്‍മാനെയും (6-3, 7-5, 6-2) നിഷിക്കോരി കുസ്‌നെറ്റ്‌സോവിനേയും (7-5, 6-3, 7-5) മിലാസ് റാവോനിക് സോക്കിനേയും (7-6(2), 6-4, 7-6(1)) തോല്‍പ്പിച്ചു.

DONT MISS
Top