രവി ശാസ്ത്രി ജീവിക്കുന്നത് വിഡ്ഢികളുടെ ലോകത്തില്‍; മറുപടിയുമായി ഗാംഗുലി

Ganguly

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ തനിക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി വന്ന രവി ശാസ്ത്രിയ്ക്ക് സൗരവ് ഗാംഗുലിയുടെ മറുപടി. ശാസ്ത്രിയ്ക്ക് പരിശീലകസ്ഥാനം നഷ്ടപ്പെടുത്തിയത് താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഖകരവുമാണെന്ന് പറഞ്ഞ ഗാംഗുലി ശാസ്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് വിമര്‍ശിച്ചു.

“ഞാന്‍ മൂലമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ലഭിക്കാത്തതെന്ന് രവി ശാസ്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് അദ്ദേഹം നടത്തിയത്. അത് എന്നെ വളരെയധികം വേദനിപ്പിക്കുന്നതായിരുന്നു.” ഗാംഗുലി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അഭിമുഖത്തില്‍ നിന്ന് വിട്ടു നിന്നതെന്ന് ഗാംഗുലി വ്യക്തമാക്കി.

പരിശീലക സ്ഥാനത്തേക്കുള്ള തന്റെ അഭിമുഖത്തില്‍ ഗാംഗുലി പങ്കെടുക്കാഞ്ഞത് ശരിയായില്ലെന്ന് ശാസ്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഗാംഗുലി അദ്ദേഹത്തിന്റെ ജോലിയോട് നീതി പുലര്‍ത്തിയില്ലെന്നും ചെയ്യുന്ന ജോലിയെ അദ്ദേഹം ബഹുമാനിക്കണമെന്നും ശാസ്ത്രി പറഞ്ഞിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയ്ക്കായിരുന്നു അഭിമുഖത്തിന്റെ ചുമതല.

DONT MISS
Top