വിംബിള്‍ഡണ്‍: മുന്‍നിര താരങ്ങള്‍ രണ്ടാം റൗണ്ടില്‍, വോസ്‌നിയാക്കി പുറത്ത്

Serena

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പ്രമുഖര്‍ ആദ്യറൗണ്ടില്‍ വിജയങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ്, സ്വെറ്റ്‌ലാന കുസ്‌നട്‌സോവ, പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് ആന്റി മുറെ, വാവ്‌റിങ്ക എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം മുന്‍ ലോക ഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കി ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായി.

സ്വിറ്റ്‌സര്‍ലന്റിന്റെ അമ്ര സാദിക്കോവിക്കിനെ അനായാസം മറികടന്നാണ് സെറീന രണ്ടാം റൗണ്ടില്‍ എത്തിയത്. സ്‌കോര്‍ 6-2, 6-4. വിംബിള്‍ഡണില്‍ സെറീനയുടെ എണ്‍പതാം വിജയമായിരുന്നു ഇത്. ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡിനൊപ്പം എത്താനുള്ള കുതിപ്പിലാണ് സെറീന.

സ്വന്തം നാട്ടുകാരനായ ലിയാം ബ്രോഡിയെ എതിരില്ലാത്ത സെറ്റുകള്‍ക്ക് തകര്‍ത്താണ് രണ്ടാം സീഡ് ആന്റി മറെ ആദ്യ റൗണ്ടില്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ 6-2,6-3,6-4. 2013 ല്‍ ഇവിടെ തന്റെ ആദ്യ കിരീടം ഉയര്‍ത്തിയ മറെയ്ക്ക് കിരീടം പിന്നെ കിട്ടാക്കനിയാവുകയായിരുന്നു. തായ് വാന്റെ ലു യെന്‍ഹുന്‍ ആണ് രണ്ടാം റൗണ്ടില്‍ മറെയുടെ എതിരാളി. നാലാം സീഡ് സ്വിസ് താരം വാവ്‌റിങ്ക അമേരിക്കയുടെ ടീനേജ് താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സില്‍ നിന്നുള്ള ശക്തമായ പോരാട്ടം മറികടന്നാണ് വിജയം കണ്ടത്. ഒന്നിനെതിര രണ്ട് സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍ 7-6(7-4), 6-1, 6-7(2-7), 6-4. മുന്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് രണ്ടാം റൗണ്ടില്‍ വാവ്‌റിങ്കയെ നേരിടുന്നത്.

പുരുഷ വിഭാഗത്തില്‍ മറ്റ് മത്സരങ്ങളില്‍ ഓസീസ് താരം നിക്ക് കിര്‍ഗിയോസ് ചെക്ക് റിപ്പബ്ലിക്കിന്റെ റാഡേക്ക് സ്റ്റെപനാക്കിനെയും (6-4, 6-3, 6-7(9-11), 6-1), ജര്‍മനിയുടെ ഡസ്റ്റിന്‍ ബ്രൗണ്‍ സെര്‍ബിയയുടെ ഡുസാന്‍ ലജോവികിനെയും (4-6, 6-3, 3-6, 6-3, 6-4) തോല്‍പ്പിച്ചു.

വനിത വിഭാഗത്തില്‍ മുന്‍ ലോകഒന്നാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയുടെ തോല്‍വിയാണ് ആദ്യ റൗണ്ടിലെ പ്രധാന അട്ടിമറി. പതിനാലാം സീഡ് സ്വെറ്റ്‌ലാന കുസ്‌നട്‌സോവയാണ് സീഡ് ചെയ്യപ്പെടാത്ത വോസ്‌നിയാക്കിയുടെ വിംബിള്‍ഡണ്‍ മോഹങ്ങള്‍ അവസാനിപ്പിച്ചത്. സ്‌കോര്‍ 7-5, 6-4. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യമായണ് വോസ്‌നിയാക്കി സീഡില്ലാതെ ഒരു ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

DONT MISS
Top