സുധീരനെ വിളിക്കാതിരുന്നതു കൊണ്ട് ചടങ്ങില്‍ പങ്കെടുത്തവരെ വിമര്‍ശിച്ച നടപടി അപലപനീയമെന്ന് ബിജു രമേശ്

biju-rameshകൊച്ചി: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ തന്റെ മകളുടെ വിവാഹ നിശ്ചയത്തിന് വിളിക്കാതിരുന്നത് കൊണ്ട് മറ്റുള്ളവര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച സുധീരന്റെ നടപടി അപലപനീയമെന്ന് ബാറുടമ ബിജു രമേശ്. തന്നെപ്പോലെ തന്നെ കെ. ബാബു അഴിമതിക്കാരനാണെന്ന് പറഞ്ഞയാളാണ് സുധീരനെന്നും ബിജു രമേശ് പറഞ്ഞു.

തന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുളള വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്നും ബിജു രമേശ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയയാണെന്നും എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. നേതാക്കള്‍ ഔചിത്യം കാണിക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോയത് തെറ്റാണെന്ന് പരസ്യ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതി നല്‍കിയിരുന്നു. പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാണിച്ചാണ് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്റിന് പരാതി നല്‍കിയത്. ബിജുരമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. ഇതിനെതിരെ വി എം സുധീരന്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് കാരണം. സഹപ്രവര്‍ത്തകനായ അടൂര്‍പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയചടങ്ങ് എന്ന നിലയിലാണ് പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കരുതെന്ന നിലയില്‍ നേരത്തെ നേത്യത്വത്തിന്റെ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

DONT MISS
Top