ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ്: പരസ്യ പ്രസ്താവന നടത്തിയ സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി

biju-rameshതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന് പോയത് തെറ്റാണെന്ന് പരസ്യ പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്റിന് പരാതി നല്‍കി. പരസ്യപ്രസ്താവന നടത്തരുതെന്ന നിര്‍ദേശം ലംഘിച്ചെന്ന് കാണിച്ചാണ് ഇരു ഗ്രൂപ്പുകളും ഹൈക്കമാന്റിന് പരാതി നല്‍കിയത്. ബിജുരമേശിന്റെ മകളുടെ വിവാഹനിശ്ചയചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും, രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു. ഇതിനെതിരെ വി എം സുധീരന്‍ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് കാരണം. സഹപ്രവര്‍ത്തകനായ അടൂര്‍പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയചടങ്ങ് എന്ന നിലയിലാണ് പങ്കെടുത്തതെന്നും പരാതിയില്‍ പറയുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കരുതെന്ന നിലയില്‍ നേരത്തെ നേത്യത്വത്തിന്റെ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടായിരുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുളള വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്ന് ബാറുടമ ബിജു രമേശ വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡന്റിന് പബ്ലിസിറ്റി മാനിയയാണെന്നും എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശ് പറഞ്ഞു. കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. നേതാക്കള്‍ ഔചിത്യം കാണിക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ആ ചടങ്ങില്‍ നിന്നും ഇവര്‍ ഒഴിവാകേണ്ടതായിരുന്നുവെന്നാണെന്നും സുധീരന്‍ പറഞ്ഞു. മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുമായിട്ടായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയം. തിരുവനന്തരപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ നാലിനാണ് വിവാഹം.

DONT MISS
Top