ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതുയുഗം: അനില്‍ കുംബ്ലെയെ പരിശീലകനായി ബിസിസിഐ നിയമിച്ചു

Kumble2

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലയെ ബിസിസിഐ നിയമിച്ചു. ഇന്ന് ചേര്‍ന്ന ബിസിസിഐ യോഗമാണ് കുംബ്ലയെ പരിശീലകനായി തെരഞ്ഞടുത്ത വിവരം പ്രഖ്യാപിച്ചത്. ഒരു വര്‍ഷമാണ് കുംബ്ലെയുടെ കാലവധി.

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് അഭിമുഖത്തിന് ശേഷം കുംബ്ലയെ പരിശീലക സ്ഥാനത്തേക്ക് നിര്‍ദ്ദേശം ചെയ്തത്. ഈ നിര്‍ദ്ദേശം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. മുന്‍ ടീം ഡറക്ടര്‍ രവി ശാസ്ത്രി ഉള്‍പ്പെടെയുള്ള പ്രശസ്തരെ പിന്തള്ളിയാണ് കുംബ്ലെ ടീം ഇന്ത്യയുടെ പരിശീലക സ്ഥനത്തേക്ക് എത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച സ്പിന്‍ ഇതിഹാസമായിരുന്നു അനില്‍ കുംബ്ലെ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ താരമാണ് കുംബ്ലെ. ജിം ലേക്കറിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ പത്ത് വിക്കറ്റും കരസ്ഥമാക്കുന്ന ചരിത്ര നേട്ടത്തിനും ഉടമയാണ് കര്‍ണാടകക്കാരനായ കുംബ്ലെ.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് 57 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ നിന്ന് രണ്ട് ദിവസം നീണ്ട അഭിമുഖത്തിലൂടെയാണ് അനുയോജ്യനായ താരത്തെ കണ്ടെത്തിയിരിക്കുന്നത്.

DONT MISS
Top