പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യയും സിംബാബ്‌വെയും ഇന്നിറങ്ങും

Sraan

ഹരാരെ: നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യയും സിംബാബ് വെയും ലക്ഷ്യമിടുന്നത് ഒന്നു മാത്രം. പരമ്പര വിജയം. പരമ്പര തോല്‍വി എന്ന നാണക്കേട് ഒഴിവാക്കുകയാണ് ഇന്ത്യയുടെ ശ്രമമെങ്കില്‍ ആദ്യ ട്വന്റി20 പരമ്പര വിജയമാണ് ആതിഥേയരുടെ ആവശ്യം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ സിംബാബ്‌വെയ്ക്ക് ഇവിടെ പരമ്പര വിജയം അനിവാര്യമാണ്.

ആദ്യ ട്വന്റി20 മത്സരത്തിലെ അട്ടിമറി വിജയമാണ് സിംബാബ്‌വെയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ഇന്ത്യയെ പോലൊരു ബാറ്റിംഗ് ശക്തിയെ രണ്ട് റണ്‍സിന് അട്ടിമറിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. 171 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങില്‍ സിംബാബ്‌വെ പിടിച്ചു കെട്ടുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. 100 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടീം ഇന്ത്യ 13.5 ഓവറില്‍ വിജയം കൈപ്പിടിയിലാക്കി. ട്വന്റി20 യില്‍ ഇന്ത്യയുടെ ആദ്യ പത്ത് വിക്കറ്റ് വിജയമായിരുന്നു ഇത്.

കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച് മികച്ച ബൗളിങ് പ്രകടനം നടത്തിയ ബരീന്ദര്‍ സ്രാനെയാണ് ഇന്നും ഇന്ത്യ ഉറ്റുനോക്കുന്നത്. പത്ത് റണ്‍സ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്രാനാണ് സിംബാബ്‌വെയെ 99 റണ്‍സില്‍ ഒതുക്കിയത്. ട്വന്റി20 യില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു സ്രാന്‍ കാഴ്ചവെച്ചത്. ബൂമ്രയും മികച്ച ഫോമിലാണ്.

നേരത്തെ നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

DONT MISS
Top