പത്മജയെ സ്ഥാനാര്‍ത്ഥിയാക്കിയത് താനല്ല; വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്ക് മാത്രമല്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍

cn-balakrishnanതൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കു മാത്രമല്ലെന്നു മുന്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍. തോല്‍വിയുടെ കാരണം പഠിക്കേണ്ടത് സംസ്ഥാന തലത്തില്‍ നിന്നാണെന്നും തനിക്കെതിരയുള്ള ആരോപണങ്ങള്‍ ഗൂഡാലോചനയുടെ ഭാഗമാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തോല്‍വിക്ക് ഉത്തരാവദികളായവര്‍ സ്വയം മാറി നില്‍ക്കണമെന്നും ചിലര്‍ തനിക്കെതിരായി തിരിയുന്നത് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത ജാള്യത മറക്കാനാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് താനല്ലെന്നും വിജയിപ്പേക്കണ്ട ഉത്തരവാദിത്വവും തനിക്ക് മാത്രമല്ലെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. താന്‍ പാര്‍ട്ടിക്കെതിരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലയിലെ തോല്‍വി പഠിക്കാനെത്തിയ കെപിസിസി ഉപസമിതി മുന്‍പാകെ ഉയര്‍ന്നത് ഗ്രൂപ്പ് തിരിഞ്ഞുളള പോര്‍വിളിയായിരുന്നു. ജില്ലാനേത്യത്വത്തില്‍ നിന്നും പി എ മാധവനെ മാറ്റണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോള്‍ തോല്‍വിക്ക് കാരണം കൊലപാതക രാഷ്ട്രീയമെന്നായിരുന്നു എ വിഭാഗത്തിന്റെ ആക്ഷേപം. 50 വയസ്സിന് താഴെയുളളവരെ ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന് ഒരു കൂട്ടം യുവാക്കള്‍ ആവശ്യപ്പെട്ടു.

ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 ലും യുഡിഎഫ് സമ്പൂര്‍ണ പരാജയം അറിഞ്ഞപ്പോള്‍ വടക്കാഞ്ചേരി മാത്രമാണ് ആശ്വാസജയം നല്‍കിയത്. തോല്‍വിയുടെ കാരണം അന്വേഷിച്ച് ഇറങ്ങിയ ഉപസമിതി മുമ്പാകെ പ്രകടമായത് ഗ്രൂപ്പ് വൈരത്തിന്റെ വീറായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം പുതുതായി ചുമതലയേറ്റ ഡിസിസി പ്രസിഡന്റെ പി എ മാധവന് ആണെന്നും എ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം നല്‍കിയ ശേഷം ജില്ലയില്‍ പരാജയം തുടര്‍ച്ചയാണെന്നും ആയിരുന്നു ഐ ഗ്രൂപ്പിന്റെ ആരോപണം. ഡിസിസി അധ്യക്ഷ സ്ഥാനം തിരികെ നല്‍കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു.

എന്നാല്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയമാണ് കനത്ത തോല്‍വിക്ക് കാരണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആരോപണം. മന്ത്രി സി എന്‍ ബാലകൃഷ്ണന് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണവും തെരഞ്ഞെടുപ്പില്‍ ദോഷമായെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരെ, പത്മജ വേണുഗോപാല്‍ എന്നിവരും സി എന്‍ ബാലകൃഷ്ണന് എതിരെ ഉപസമിതിക്ക് മൊഴി നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രവര്‍ത്തനത്തിലെ പോരായ്മയും പരാജയത്തിന് കാരണമായെന്ന് കുറ്റപ്പെടുത്തലുണ്ടായി.

DONT MISS
Top