രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷരുടെ ഭാര്യമാര്‍ തള്ളിനീക്കുന്നത് ദുരിത ജീവിതം; പലരും മരണത്തിന്റെ വക്കില്‍

widow

മുംബൈ: കടബാധ്യതകള്‍ മൂലം കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതല്ലാതെ അതിന് ഒരു പരിഹാരം കാണാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ഭാര്യമാരും കുട്ടികളും നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ എന്നു പോലും സംശയമാണ്. അത്തരത്തില്‍ മഹാരാഷ്ട്രയില്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്ത ഒരു കര്‍ഷകന്റെ ഭാര്യ തള്ളി നീക്കുന്നത് ദുരിത ജീവിതമാണ്. 24 കാരിയായ ജോഷ്ണ വാന്‍ഡിലേയാണവര്‍. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത ശേഷം വീട്ടില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഏറെ പഴി കേള്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകേണ്ട അവസ്ഥയും നേരിട്ടു. ഒരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ മരിക്കാതെ മരിച്ചു കൊണ്ടിരിക്കുകയാണ് ജോഷ്ണ. മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇവരുടെ മുന്നില്‍ അവശേഷിക്കുന്നത് ഒരുപിടി ചോദ്യങ്ങളാണ്.

പതിനേഴാം വയസില്‍ വിവാഹം കഴിച്ച് കര്‍ഷകനായ ഭര്‍ത്താവിനോടൊപ്പം ജീവിതം തുടങ്ങിയതാണ് ജോഷ്ണ. വീട്ടിലെ ചെലവും മറ്റു കാര്യങ്ങളുമെല്ലാം ഭര്‍ത്താവ് തന്നെയാണ് നോക്കിയിരുന്നത്. ഭാര്യയെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ജോഷ്ണയും ഭംഗിയായി നിര്‍വഹിച്ചു വന്നു. പെട്ടെന്നൊരു ദിവസം കൃഷി മോശമാകുകയും കടബാധ്യതകള്‍ വന്നു ചേരുകയും ചെയ്തു. തുടര്‍ന്ന് ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവ് ജോഷ്ണയെ വിട്ടുപോയി. പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന ദുരന്തത്തിന് മുന്നില്‍ മക്കള്‍ക്കൊപ്പം ജോഷ്ണ പകച്ചു നില്‍ക്കുകയാണിപ്പോള്‍. ഭര്‍ത്താവിന്റെ മരണത്തില്‍ പഴിചാരുന്നതല്ലാതെ ഒരു കൈത്താങ്ങായി ആരും ഇവരെ തിരിഞ്ഞുനോക്കിയിട്ടില്ല.

ഭര്‍ത്താവ് വിട്ടുപോയതിന്റെ ദു:ഖം മനസിലൊതുക്കി എങ്ങനെയും ജീവിക്കണമെന്നാണ് ജോഷ്ണയ്ക്കിപ്പോള്‍. പക്ഷേ എങ്ങനെ പണമുണ്ടാക്കണെന്നതിനെക്കുറിച്ച് ഇവര്‍ക്ക് ധാരണയില്ല. ഒരു ജോലികണ്ടെത്തണമെന്ന ഒറ്റ ലക്ഷ്യമാണ് ജോഷ്ണയ്ക്ക് മുന്നില്‍ ഇപ്പോഴുള്ളത്. മക്കളെ നല്ല രീതിയില്‍ പഠിപ്പിക്കണം. ഉന്നത സ്ഥാനത്തിലെത്തിക്കണം. ഏതൊരമ്മയെപ്പോലെ തന്നെ മക്കളുടെ കാര്യത്തില്‍ ഏറെ പ്രതീക്ഷയാണ് ജോഷ്ണയ്ക്കുമുള്ളത്. എന്നാല്‍ രണ്ടു പെണ്‍മക്കള്‍ക്കൊപ്പമുള്ള ജീവിതം എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്. ജോഷ്ണയുടെ കഥയിലൂടെയാണ് കടന്നു വന്നതെങ്കിലും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ ദുരിത ജീവിതം തള്ളിനീക്കുന്ന മൂന്നുലക്ഷത്തോളം സ്ത്രീകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2014 ല്‍ മാത്രം 5,650 തോളം കര്‍ഷകര്‍ മഹാരാഷ്ട്രയിലെ വിവിധയിടങ്ങളില്‍ ആത്മഹത്യ ചെയ്തു.

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിധവകള്‍ക്കായി ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവയൊന്നും എങ്ങും എത്തിയിട്ടില്ല. എത്രയും വേഗത്തില്‍ ഇതിനൊരു തീരുമാനമായില്ലെങ്കില്‍ കര്‍ഷക ആത്മഹത്യയെന്ന പോലെതന്നെ കര്‍ഷകരുടെ ഭാര്യമാരുടെ ആത്മഹത്യയും രാജ്യത്ത് വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

DONT MISS
Top