അരങ്ങേറ്റം അവിസ്മരണീയമാക്കി സ്രാന്‍, രണ്ടാം ട്വന്റി20യില്‍ സിംബാബ്‌വെ തകര്‍ന്നു

Sraan

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം. അരങ്ങേറ്റക്കാരന്‍ ബരീന്ദര്‍ സ്രാന്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 99 റണ്‍സില്‍ ഒതുങ്ങി. നലോവറില്‍ വെറും പത്ത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്രാനാണ് സിംബാബ്‌വെ ബാറ്റിങ് നിരയെ തകര്‍ത്തത്. 31 റണ്‍സെടുത്ത പീറ്റര്‍ മൂറാണ് സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോറര്‍. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം.

ഓപ്പണര്‍മാരായ ചിബാബ, മസാകഡ്‌സ, സിക്കന്ദര്‍ റാസ, മുത്തോംബോസി എന്നിവരാണ് സ്രാനിന് ഇരകളായത്.

ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഫലത്തിന്റെ ഓര്‍മയാകും അതിന് അവരെ പ്രേരിപ്പിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ സിംബാബ്‌വെയെ നിലംതൊടാന്‍ അനുവദിച്ചില്ല. 31 റണ്‍സെടുത്ത മൂറിന് പുറമെ പത്ത് റണ്‍സ് വീതമെടുത്ത ഓപ്പണര്‍മാരായ ചിബാബ, മസാകഡ്‌സ, 14 റണ്‍സെടുത്ത വാളര്‍ എന്നിവര്‍ക്ക് മാത്രമേ പിടിച്ച് നില്‍ക്കാനായുള്ളൂ. ആദ്യ ട്വന്റി20യില്‍ ഇന്ത്യയുടെ അന്തകനായ ചിഗുംബുര വെറും എട്ട് റണ്‍സിന് പുറത്തായി.

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ബൂമ്ര സ്രാനിന് മികച്ച പിന്തുണ നല്‍കി. നാലോവറില്‍ 11 റണ്‍സ് വഴങ്ങിയായിരുന്നു ബൂമ്രയുടെ പ്രകടനം. ധവാല്‍ കുല്‍ക്കര്‍ണി, ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആദ്യ മത്സരം ജയിച്ച സിംബാബ്‌വെ
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നില്‍ നില്‍ക്കുകയാണ്.

DONT MISS
Top