ഗൂഗിളിനെ ചിരിപ്പിച്ചൊരു ഗൂഗിള്‍ സേര്‍ച്ച്; 86കാരിയോട് നന്ദി പറഞ്ഞ് ഗൂഗിള്‍

google-searchബ്രിട്ടനിലെ ഒരു മുത്തശ്ശിയുടെ ഗൂഗിള്‍ സേര്‍ച്ച് ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്നത്. 86കാരിയായ മെയ് അഷ്‌വര്‍ത്ത് എന്ന മുത്തശ്ശിയുടെ ഏറെ വിനയം കലര്‍ന്ന സേര്‍ച്ച് ഗൂഗിളിനെ പുഞ്ചിരിപ്പിച്ചുവെന്നു മാത്രമല്ല ദിനവും ഗൂഗിളില്‍ നടക്കുന്ന കോടിക്കണക്കിനു സേര്‍ച്ചുകളില്‍ തങ്ങളെ ചിരിപ്പിച്ച സേര്‍ച്ചിന് ഗൂഗിള്‍ മുത്തശ്ശിയോട് നന്ദി പറയുകയും ചെയ്തു.

please translate these roman numerals mcmxcviii thank you എന്നായിരുന്നു മുത്തശ്ശിയുടെ സേര്‍ച്ച്. സേര്‍ച്ചിംഗിന്റെ കഥ പേരമകനായ ബെന്‍ ജോണ്‍ ആണ് ട്വീറ്റ് ചെയ്തത്. മുത്തശ്ശിയുടെ ലാപ്‌ടോപ്പ് തുറന്ന് സേര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് താന്‍ ഇത് കണ്ടതെന്ന് ബെന്‍ ട്വീറ്റ് ചെയ്തു. ബെന്നിന്റെ സേര്‍ച്ചിന് അമ്പതിനായിരത്തിലധികം റീ ട്വീറ്റുകളാണ് ഇതുവരെ ലഭിച്ചത്.

സേര്‍ച്ച് കണ്ട് മുത്തശ്ശിയോട് എന്തിനാണ് ഗൂഗിള്‍ സേര്‍ച്ചില്‍ പ്ലീസ് താങ്ക് യു എന്ന പദങ്ങള്‍ ഉപയോഗിച്ചത് എന്നാരാഞ്ഞപ്പോള്‍ ഗൂഗിളിന്റെ തലപ്പത്ത് നിന്നും ഒരു തലവനാണ് ഇതൊക്കെ നിയന്ത്രിക്കുന്നത് എന്നു കരുതിയാണ് താന്‍ അത്തരം പദങ്ങള്‍ ഉപയോഗിച്ചത് എന്നും വിനീതമായി അപേക്ഷിച്ചാല്‍ സേര്‍ച്ച് റിസള്‍ട്ട് അതിവേഗം ലഭിക്കുമെന്നു കരുതിയാണ് താന്‍ അത് ചെയ്തതെന്നുമായിരുന്നു മുത്തശ്ശിയുടെ മറുപടി.

ബ്രിട്ടീഷ് ഒരു ടെലിവിഷന്‍ പരിപാടിയുടെ അവസാനം ക്രെഡിറ്റായി ഈ റോമന്‍ ന്യൂമറല്‍സ് നല്‍കിയതു കണ്ടതിനു ശേഷമാണ് ഇതിന്റെ അര്‍ത്ഥം തേടി ബെന്നിന്റെ മുത്തശ്ശി സേര്‍ച്ച് തുടങ്ങിയത്. ബെന്നിന്റെ മുത്തശ്ശിയുടെ സേര്‍ച്ച് തങ്ങളെ പുഞ്ചിരിപ്പിച്ചുവെന്ന് യുകെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്ററില്‍ കുറിച്ചു.

DONT MISS
Top