ചരിത്ര നേട്ടവുമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍

Chmp Hocky

ലണ്ടന്‍: ചരിത്രം കുറിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനവുമായി ഇന്ത്യ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുകയായിരുന്നു. ബ്രിട്ടനും ജര്‍മനിയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ ആയതോടെയാണ് ഇന്ത്യയ്ക്ക് ഫൈനലിലേക്കുള്ള വഴി തുറന്നത്. ഫൈനലില്‍ ഓസീസ് തന്നെയാണ് ഇന്ത്യയുടെ എതിരാളികള്‍. ചാമ്പ്യന്‍സ് ട്രോഫിയുടെ 36 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. മലയാളിയായ ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് അഭിമാനകരമായ നേട്ടമാണ് ഫൈനല്‍ പ്രവേശം. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയും ബ്രിട്ടനും ഏറ്റുമുട്ടും.

ബുധനാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ഓസ്‌ടേലിയയോട് രണ്ടിനെതിരെ നാലുഗോളുകള്‍ക്കായിരുന്നു ഇന്ത്യ തോറ്റത്. എന്നാല്‍ അതിന് ശേഷം നടന്ന ബ്രിട്ടന്‍-ബെല്‍ജിയം മത്സരം സമനിലയില്‍ (3-3) പിരിഞ്ഞു. ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയെ പിന്തള്ളി ബ്രിട്ടന്‍ ഫൈനലില്‍ എത്തുമായിരുന്നു. 11 പോയിന്റുമായി ഓസീസും 7 പോയന്റുമായി ഇന്ത്യയും പോയിന്റ് പട്ടികയില്‍ ആദ്യരണ്ട് സ്ഥാനങ്ങളിലെത്തി. സമനിലയോടെ ബ്രിട്ടന് ആറും ബെല്‍ജിയത്തിന് അഞ്ചും പോയിന്റാണ് ഉള്ളത്.

PR Sreejesh

പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് വി ആര്‍ രഘുനാഥ്, മന്‍ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ഓസീസിന്റെ ഗോളുകള്‍ മിട്ടന്‍, ആരന്‍ സലെവ്‌സ്‌കി, ഫ്‌ളെന്‍ ഒഗില്‍വി, ഗ്ലെന്‍ ടര്‍ണര്‍ എന്നിവരുടെ വകയായിരുന്നു. ആകെയുള്ള അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കൊറിയയേയും ബെല്‍ജിയത്തേയും തോല്‍പ്പിച്ച ഇന്ത്യ ജര്‍മനിയെ സമനിലയില്‍ തളച്ചിരുന്നു.

DONT MISS
Top