പണപ്പെരുപ്പ നിരക്ക് രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

coin

ദില്ലി: രാജ്യത്തെ പണപ്പെരുപ്പനിരക്ക് രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതാണ് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഉയരാന്‍ കാരണം.

ഉഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുളള മെയിലെ പണപ്പെരുപ്പനിരക്ക് 5.76 ശതമാനമായാണ് ഉയര്‍ന്നത്. ഏപ്രിലില്‍ ഇത് 5.47 ശതമാനമായിരുന്നു. മുന്‍ വര്‍ഷം സമാനകാലയളവില്‍ പണപ്പെരുപ്പം കേവലം 5.01 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റമാണ് മുഖ്യമായി പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പച്ചക്കറി സാധനങ്ങളുടെ വിലയില്‍ ഉണ്ടായ കുതിച്ചുച്ചാട്ടമാണ് ഇതിന് ഇടയാക്കിയത്.

മെയ് മാസത്തില്‍ പച്ചക്കറി സാധനങ്ങളുടെ വിലക്കയറ്റ മുന്‍ മാസത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 10.77 ശതമാനം വിലക്കയറ്റമാണ് മെയില്‍ രേഖപ്പെടുത്തിയത്. ഏപ്രിലില്‍ ഇത് കേവലം 4.82 ശതമാനമായിരുന്നു. മുട്ട, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. ഇതോടെ മൊത്തം ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം 7.55 ശതമാനമായി. ഏപ്രിലില്‍ ഇത് 6.32 ശതമാനമായിരുന്നു. 2017 മാര്‍ച്ചോടെ പണപ്പെരുപ്പനിരക്ക് 5 ശതമാനമായി താഴ്ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

കഴിഞ്ഞാഴ്ച നടന്ന പണവായ്പ നയഅവലോകനയോഗത്തില്‍ പലിശനിരക്കുകളില്‍ മാറ്റംവരുത്താന്‍ റിസര്‍വ് ബാങ്ക് തയ്യാറായില്ല. മുഖ്യമായി ഭക്ഷ്യവിലക്കയറ്റം ചൂണ്ടികാണിച്ചാണ് പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ഭക്ഷ്യവിലക്കയറ്റം വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അടുത്ത പണവായ്പ നയ പ്രഖ്യാപനത്തിലും റിസര്‍വ് ബാങ്ക് തല്‍സ്ഥിതി തന്നെ തുടരുമോയെന്ന ആശങ്കയും വ്യാവസായികമേഖലയില്‍ നിന്നും ഉയരുന്നുണ്ട്.

DONT MISS
Top