ഇന്ത്യയില്‍ ആദ്യമായി ‘ഹാര്‍ലി ക്വിന്‍’ ബേബി പിറന്നു

BABY

മുംബൈ: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം പിറക്കാറുള്ള ഹാര്‍ലിക്വിന്‍ ബേബി ഇന്ത്യയില്‍ പിറന്നു. നാഗ്പൂരിലെ ലതാ മങ്കേഷ്‌ക്കര്‍ മെഡിക്കല്‍ കോളെജില്‍ അമരാവതി സ്വദേശികളായ ദമ്പതികള്‍ക്കാണ് ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് ബാധിച്ച പെണ്‍കുഞ്ഞ് പിറന്നത്.

ശരീരത്തില്‍ തൊലിയില്ലാതെ ആന്തരികാവയവങ്ങള്‍ പുറത്തു കാണുന്ന രീതിയിലാണ് ഇത്തരം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. കുഞ്ഞിന് കൈപ്പത്തിയും കാല്‍വിരലുകളുമില്ല .കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന മാംസക്കഷ്ണങ്ങളും മൂക്കിന്റെ സ്ഥാനത്ത് ചെറിയ ദ്വാരങ്ങളുമാണ് ഉള്ളത്. കുഞ്ഞിന് ചെവിയില്ല.

കുഞ്ഞിന് ചര്‍മ്മം ഇല്ലാത്തതു കൊണ്ടു തന്നെ അണുബാധയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ആയുസും അധികം ഉണ്ടാകാറില്ല. എന്നാല്‍ ഈ കുഞ്ഞിന് ശ്വസിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ജന്‍മനാലുള്ള വൈകല്യം മൂലം ജീനുകള്‍ക്കുണ്ടാകുന്ന പരിവര്‍ത്തനമാണ് ഹാര്‍ലിക്വിന്‍ ബേബികളുടെ പിറവിക്ക് കാരണം.

സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടിയെ അണുബാധ ഏല്‍ക്കാതിരിക്കാനും ചര്‍മ്മം സംരക്ഷിക്കുന്നതിനുമായി കൂടുതല്‍ പരിചരണം നല്‍കുകയാണ്. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരം രൂപപ്പെടുത്തുന്നതിനായി വെളിച്ചെണ്ണയും പെട്രോളിയം ജെല്ലിയും ഉപയോഗിച്ചുള്ള പ്രത്യേക ചികിത്സയും ഉണ്ട്.

DONT MISS
Top