കാസര്‍കോട് മാനേജ്‌മെന്റ് സ്‌കൂളിനു വേണ്ടി വയല്‍ നികത്തിയെടുക്കാന്‍ നീക്കം

Paddy

കാസര്‍കോട്: തൃക്കരിപ്പൂരില്‍ മാനേജ്‌മെന്റ് സ്‌കൂളിനു വേണ്ടി വയല്‍ നികത്തിയെടുക്കാന്‍ നീക്കം നടക്കുന്നതായി പരാതി. തൃക്കരിപ്പൂരില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഒരേക്കറോളം വരുന്ന നിലമാണ് നികത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്.

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റ് സ്‌കൂളിനു വേണ്ടിയാണ് ഒരേക്കറോളം വരുന്ന വയല്‍ നികത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്. വര്‍ഷകാലത്ത് തൃക്കരിപൂരിലെയും പരിസരങ്ങളിലെയും മഴവെള്ളം ഒഴുകിയെത്തുന്നത് ഈ വയലിലാണ്. പ്രദേശത്തെ ജല സ്രോതസ്സായി നിലകൊള്ളുന്ന വയല്‍ നികത്തുന്നതോടെ വരും വേനലില്‍ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുമോ എന്നാണ് പ്രദേശവാസികളുടെ ആശങ്ക. കൂടാതെ ഒഴുകിയെത്തുന്ന മഴവെള്ളം ഇതുവഴിയാണ് റെയില്‍വേ അണ്ടര്‍ പാസ്സേജ് കടന്നു കായലില്‍ എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ വയല്‍ നികത്തിയാല്‍ ഈ മഴക്കാലത്ത് തൃക്കരിപ്പൂര്‍ ഠൗണില്‍ രൂക്ഷമായ വെള്ളക്കെട്ടും അനുഭവപ്പെടും.

നൂറ്റിയമ്പതോളം ലോഡ് കെട്ടിട അവശിഷ്ടങ്ങളാണ് വയല്‍ നികത്താനായി ഇവിടെ ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സ്‌കൂളിന്റെ കെട്ടിട നിര്‍മാണ ആവശ്യത്തിനായി ഇവിടെനിന്നും മണലും കുഴിച്ചെടുത്തിട്ടുണ്ട്. പ്രശ്‌നത്തില്‍ പൈതൃക സംരക്ഷണ സമിതി പരാതി നല്‍കിയതിനെ തുടര്‍ന്ന് വില്ലേജ് അധികൃതര്‍ ഇടപെടുകയും വയല്‍ നികത്താനായി എത്തിയ വാഹനങ്ങള്‍ തടയുകയും ചെയ്തു.

DONT MISS
Top