സൈന നെഹ്‌വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

Saina

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ സണ്‍ യുവിനെ തോല്‍പ്പിച്ചാണ് സൈന കിരീടം ചൂടിയത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം. സ്‌കോര്‍ 11-21, 21-14, 21-19. റിയോ ഒളിമ്പിക്‌സിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കഴിയുന്നതായി സൈനയ്ക്ക് ഈ കിരീട നേട്ടം. സൈനയുടെ രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.

ആദ്യ ഗെയിം 11-21 ന് നഷ്ടപ്പെട്ട ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നായിരുന്നു ലോക എട്ടാം നമ്പര്‍ താരമായ സൈന ഈ വര്‍ഷത്തെ തന്റെ ആദ്യ കിരീടം കരസ്ഥമാക്കിയത്. രണ്ടാം ഗെയിമില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച സൈന 21-14 ന് ഗെയിം നേടി. ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു മൂന്നാം ഗെയിമില്‍ കണ്ടത്. കനത്ത പോരാട്ടത്തിനൊടുവില്‍ 21-19 ന് ഗെയിമും കിരീടവും സൈന സ്വന്തമാക്കി.

ഇതിന് മുന്‍പ് 2014 ലായിരുന്നു സൈന ഇവിടെ കിരീടം നേടിയത്. ഇന്നത്തെ വിജയത്തോടെ സണ്‍ യുവുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലെ ലീഡ് 5-1 ആക്കാനും സൈനയ്ക്കായി.

DONT MISS
Top