ബൊപ്പണ്ണയ്‌ക്കൊപ്പം മൈനേനി ഇല്ല, പേസ് ഇറങ്ങും; തീരുമാനം ടെന്നീസ് ഫെഡറേഷന്റേത്

pase and bopanna

ദില്ലി: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസിന്റെ ഏഴാം ഒളിമ്പിക്സ് മോഹങ്ങള്‍ സാക്ഷാത്കരിച്ച് ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷന്റെ തീരുമാനം. ഈ വര്‍ഷം നടക്കുന്ന റിയോ ഒളിംപിക്‌സിനുള്ള ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും ഇന്ത്യക്ക് വേണ്ടി കളിക്കും. അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

റിയോ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പേസിനെ വേണ്ടെന്നും സാകേത് മൈനേനിയെ ഡബിള്‍സ് പങ്കാളിയാക്കാനാണ് താല്‍പര്യമെന്നും രോഹന്‍ ബൊപ്പണ്ണ ടെന്നീസ് അസോസിയേഷനെ അറിയിച്ചിരുന്നു. ഈ ആവശ്യം തള്ളിയാണ് ഫെഡറേഷന്‍ അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഡബിള്‍സ് ടീമിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യവും വനിതാ ഡബിള്‍സില്‍ സാനിയ-പ്രാര്‍ത്ഥന തെംബാരേ സഖ്യവും ഇന്ത്യക്ക് വേണ്ടി അണിനിരക്കും

പതിനെട്ട് ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള പെയ്‌സിന്റെ ഏഴാമത് ഒളിംപിക്‌സാണിത്. ഇപ്പോഴത്തെ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ നാല്‍പ്പത്തിയാറാമതാണ് പെയ്‌സ്. ഇന്ത്യയിലെ റാങ്കിങ്ങില്‍ രോഹനു തൊട്ടു താഴെയും. ലോക റാങ്കിങ്ങില്‍ 125 ആം സ്ഥാനത്താണ് സാകേത്. കഴിഞ്ഞയാഴ്ച ഡബിള്‍സ് ലോകറാങ്കില്‍ പത്താം സ്ഥാനത്ത് എത്തിയതോടെ ബൊപ്പണ്ണയ്ക്ക് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. അതിനാല്‍ തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രവും ബൊപ്പണ്ണയ്ക്ക് ലഭിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ സാകേത് മൈനേനിയെ പങ്കാളിയായി പ്രഖ്യാപിച്ചു. ഇതില്‍ ടെന്നീസ് ഫെഡറേഷന് എതിര്‍പ്പുണ്ടായിരുന്നു. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും പുരുഷ ഡബിള്‍സ് ടീമിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. അന്ന് പേസിനൊപ്പം ഇറങ്ങാന്‍ ബൊപ്പണ്ണയും ഭൂപതിയും തയ്യാറായില്ല. തുടര്‍ന്ന് റാങ്കിങ്ങില്‍ ഏറെ താഴെയുള്ള വിഷ്ണു വര്‍ദ്ധനൊപ്പമാണ് പേസ് ഇറങ്ങിയത്. ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ പോലും നേടാനായിരുന്നില്ല.

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇക്കുറി കിരീടം നേടി ഫോമില്‍ നില്‍ക്കുന്ന പേസ്, ബൊപ്പണ്ണയുടെ ജോഡിയായാല്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയുണ്ടെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു.

DONT MISS
Top