മതവികാരം വ്രണപ്പെട്ടെന്ന്; ഷാരൂഖിനും സല്‍മാനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

salman
മീററ്റ്: ഷൂ ധരിച്ച് ക്ഷേത്രത്തില്‍ കയറിയെന്ന ആരോപണത്തില്‍ ബോളിവുഡ് നടന്മാരായ സല്‍മാന്‍ഖാനും ഷാരൂഖാനുമെതിരെ കേസെടുക്കണമെന്ന ഹര്‍ജി ദില്ലി അഡീഷണല്‍ മെട്രോ പൊളിറ്റന്‍ കോടതി തള്ളി. കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ നടന്മാര്‍ അമ്പലത്തില്‍ ഷൂസ് ധരിച്ച് കയറിയെന്ന് കാണിച്ചാണ് നടന്മാര്‍ക്കും ചാനലിനും പരിപാടിയുടെ സംവിധായകനും എതിരെ ഗൗരവ് ഗുലാത്തി എന്ന അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ ഡിസംബറില്‍ കളേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ ഷാരൂഖും സല്‍മാനും ഒരു കാളി ക്ഷേത്രത്തില്‍ കയറുന്ന രംഗത്തിലാണ് അവര്‍ ഷൂ ധരിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. ചെരിപ്പുധരിച്ച് മതപരമായ സ്ഥലങ്ങളില്‍ ആരും കയറാന്‍ പാടില്ല. അത് ഒരു ചാനലില്‍ സംപ്രേക്ഷണം ചെയ്തത് ജനങ്ങളുടെ മതവികാരം വൃണപ്പെടാന്‍ കാരണമാക്കിയെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ ചിത്രീകരിച്ചത് ഗ്രീന്‍ സ്‌ക്രീന്‍ സഹായത്തോടെയാണെന്ന് ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. ക്ഷേത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌പെഷ്യല്‍ എഫക്ട്‌സ് വഴി ചെയ്തതാണെന്നും ചാനല്‍ അധികൃതര്‍ പ്രതികരിച്ചു. മതവികാരം വ്രണപ്പെടുന്നുവെന്ന വാദം തള്ളിയ കോടതി ഹര്‍ജി തള്ളുന്നതായി അറിയിച്ചു.

DONT MISS
Top