ഗ്രാന്റ് ‘സലാം’ ദ്യോകോവിച്ച്

Djoko

കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ കണ്ണും മനസും നിറച്ച് നൊവാക് ദ്യോകോവിച്ച് ആ നേട്ടവും കൈപ്പിടിയില്‍ ഒതുക്കി. കരിയര്‍ ഗ്രാന്റ് സ്ലാം എന്ന, ഒരു ടെന്നീസ് താരത്തിന്റെ വര്‍ണനാതീതമായ സ്വപ്‌നമാണ് ഇന്നലെ റോളാണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ ദ്യോകോ സാക്ഷാത്കരിച്ചത്. ഇനി ഈ സെര്‍ബിയക്കാരനും ഇതിഹാസങ്ങളുടെ നിരയിലേക്ക്. അസ്തമയ സൂര്യന്റെ നാട്ടില്‍ നിന്നെത്തി കളിമണ്‍ കോര്‍ട്ടില്‍ ഉദിച്ചുയരാന്‍ മോഹിച്ച ആന്റി മുറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ദ്യോകോവിച്ചിന്റെ കരിയര്‍ സ്ലാമിലേക്കുള്ള യാത്ര.

കരിയര്‍ ഗ്രാന്റ് സ്ലാം എന്ന മോഹം റാക്കറ്റിലേന്തി കോര്‍ട്ടിലിറങ്ങിയ 29 കാരനായ ദ്യോക്കോയ്ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി പരാജിതനായി പിന്‍മടങ്ങാനായിരുന്നു ബ്രിട്ടന്റെ ആന്റി മുറെയുടെ വിധി. ഇരുവരും തങ്ങളുടെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം തേടിയിറങ്ങിയപ്പോള്‍ വിട്ടുവീഴ്ച ചെയ്യാന്‍ ആരും തയ്യാറാകുമായിരുന്നില്ല. പക്ഷെ കിരീടം ഏതിന്റെ പേരിലും വിട്ടുകൊടുക്കാന്‍ ദ്യോകോവിച്ചിനും സാധിക്കുമായിരുന്നില്ല. ആദ്യ സെറ്റ് 6-3 ന് നേടി മുറെ പുത്തന്‍ താരോദയത്തിന്റെ വാതില്‍ മെല്ലെ തുറന്നു. പൊരുതാതെ കീഴടങ്ങാന്‍ ഒന്നാം റാങ്കിന്റെ മേലങ്കിയുള്ള താന്‍ തയ്യാറല്ലെന്ന് ദ്യോകോവിച് ഉറപ്പിച്ചപ്പോള്‍ മത്സരം നാലു സെറ്റുകളിലേക്ക് നീണ്ടു. രണ്ടാം സെറ്റും (6-1) മൂന്നാം സെറ്റും (6-2) അനായാസം നേടി ദ്യോകോ അധീശത്വം ഉറപ്പിച്ചു. നാലാം സെറ്റില്‍ പിടിച്ചു നില്‍ക്കാന്‍ മുറെ ശ്രമിച്ചെങ്കിലും 6-4 ന് ദ്യോകോവിച്ച് കൈപ്പിടിയിലൊതുക്കി. അങ്ങനെ പുത്തന്‍ താരോദയത്തിന്റെ വാതില്‍ സെര്‍ബിയയില്‍ തുറക്കപ്പെട്ടു.

djo

ഇന്നലെ കളിമണ്‍ കോര്‍ട്ടിന് സെര്‍ബിയന്‍ രാജകുമാരനിലൂടെ പുതിയ അവകാശിയെയാണ് ലഭിച്ചത്. പ്രഥമ ഫ്രഞ്ച് ഓപ്പണ്‍ നേട്ടത്തോടെ ആകെ ഗ്രാന്റ് സ്ലാം കിരീടങ്ങളുടെ എണ്ണം 12 ആയി ദ്യോകോവിച്ച് ഉയര്‍ത്തി. ഇപ്പോള്‍ കളത്തിലുള്ളവരില്‍ ഇനി രണ്ട് താരങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ സെര്‍ബിയന്‍ താരത്തിന് മുന്നിലുള്ളത്. 14 കിരീടങ്ങള്‍ ഉള്ള റഫേല്‍ നദാലും 17 കിരീടങ്ങളോടെ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന റോജര്‍ ഫെഡററും.

DONT MISS
Top