സെറീനയുടെ കാത്തിരുപ്പ് നീട്ടി മുഗുരുസെ കിരീടം ചൂടി

mugu

പാരീസ്: അമേരിക്കന്‍ കായികരംഗത്തിന് ഇന്നലെ നഷ്ടങ്ങളുടെ ദിനമായിരുന്നു. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി അരങ്ങൊഴിഞ്ഞ ദിനം ഇങ്ങ് പാരീസില്‍ കളിമണ്‍ കോര്‍ട്ടില്‍ അമേരിക്കയുടെ മറ്റൊരു കായിക ഇതിഹാസത്തിന്റെ കണ്ണീര്‍ത്തുള്ളികള്‍ വീണുടഞ്ഞു. സെറീന വില്യംസിന്റെ. ഫ്രഞ്ച് ഓപ്പണല്‍ ഫൈനലില്‍ തോറ്റതോടെ സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ്സ്ലാം കീരീടങ്ങള്‍ എന്ന നേട്ടത്തിനൊപ്പം എത്താന്‍ സെറീനയ്ക്ക് ഇനിയും കാക്കണം. അടുത്ത ഗ്രാന്റ് സ്ലാം ഫൈനല്‍ വരെ.

മുഗുരുസെയ്ക്ക് ഇത് ഇരട്ടി മധുരത്തിന്റെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ്. കന്നിഗ്രാന്റ് സ്ലാം കിരീടം കളിമണ്‍ കോര്‍ട്ടില്‍ ഉയര്‍ത്തുക, അതും കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലില്‍ തന്നെ തോല്‍പ്പിച്ച എതിരാളിയെ നിശബ്ദമാക്കിക്കൊണ്ട്. അങ്ങനെ വനിതാ ടെന്നീസിലെ പുത്തന്‍ നക്ഷത്രമായി സ്‌പെയിന്‍ താരം മുഗുരുസെ ഉദിച്ചുയര്‍ന്നു, കൈയ്യില്‍ പൊന്‍കിരീടവുമായി.

ഇന്നലെ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ വിജയമായിരുന്നു 22 കാരിയായ മുഗുരുസെ സെറീനയ്‌ക്കെതിരെ നേടിയത്. സ്‌കോര്‍ 7-5, 6-4. ആദ്യ സെറ്റില്‍ പൊരുതി നോക്കാന്‍ സെറീനയ്ക്ക് കഴിഞ്ഞെങ്കില്‍ രണ്ടാം സെറ്റില്‍ തകര്‍ന്നടിയുകയായിരുന്നു. തന്നേക്കാള്‍ 12 വയസിന് മുതിര്‍ന്ന എതിരാളിയെ നിഷ്പ്രഭമാക്കി കിരീടം ഉയര്‍ത്തിയപ്പോള്‍ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. പെട്രാ ക്വിറ്റോവയ്ക്ക് ശേഷം 1990 കളില്‍ ജനിച്ച ഒരു താരം ഗ്രാന്റ് സ്ലാം കിരീടം നേടുന്നത് ഇതാദ്യമായിരുന്നു.

2015 ലെ വിംബിള്‍ഡണ്‍ വിജയത്തിന് ശേഷം സെറീനയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്റ് സ്ലാം ഫൈനല്‍ തോല്‍വിയായിരുന്നു ഇത്. കഴിഞ്ഞ യുഎസ് ഓപ്പണിലും കലാശപ്പോരാട്ടത്തില്‍ സെറീന പരാജയപ്പെട്ടിരുന്നു. ഇതോടെ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ് സ്ലാം എന്ന നേട്ടത്തിന് ഒപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്, ജൂണില്‍ കളം ഒരുങ്ങുന്ന വിംബിള്‍ഡണിലെ പുല്‍ക്കോര്‍ട്ടിലേക്ക്.

DONT MISS
Top