ഫ്രഞ്ച് ഓപ്പണില്‍ ദ്യോകോവിച്-മുറെ ഫൈനല്‍

Dj-Mr

പാരീസ്: നിലവിലെ ചാമ്പ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്തായി. ഇതോടെ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ക്ലാസിക് പോരാട്ടത്തിന് കളം ഒരുങ്ങി. ലോക ഒന്നാംനമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചും ബ്രിട്ടന്റെ ആന്റി മുറെയും കിരീടം ഉയര്‍ത്താന്‍ പോരാടും. മുറെയുടെ ആദ്യത്തെയും ദ്യോകോവിച്ചിന്റെ നാലാമത്തെയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലാണിത്. ഓപ്പണ്‍ യുഗത്തില്‍ നാല് ഗ്രാന്റ്സ്ലാം ഫൈനലുകളിലും എത്തുന്ന പത്താമത് പുരുഷ താരമായി മുറെ.

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മുറെ തന്റെ കന്നി ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ ബര്‍ത്ത് കരസ്ഥമാക്കിയത്. സ്‌കോര്‍ 6-4, 6-2, 4-6, 6-2. മൂന്നാം സെറ്റ് നേടിയത് മാത്രമാണ് വാവ്‌റിങ്കയ്ക്ക് മത്സരത്തില്‍ ഓര്‍ത്തുവെക്കാനുള്ളത്. മറ്റ് മൂന്ന് സെറ്റുകളും പൊരുതുക പോലും ചെയ്യാതെയാണ് വാവ്‌റിങ്ക കൈവിട്ടത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യസെമിയില്‍ ഓസ്‌ട്രേലിയയുടെ ഡൊമിനിക് തീമിനെ ഏകപക്ഷീയമായി മറികടന്നായിരുന്നു ദ്യോകോവിച് ഫൈനലിലെത്തിയത്. സ്‌കോര്‍ 6-2, 6-1, 6-4. തന്റെ ആദ്യ ഗ്രാന്റ് സ്ലാം സെമികളിച്ച ഡൊമിനികിന് ലോക ഒന്നാം നമ്പര്‍ താരത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കരിയര്‍ ഗ്രാന്റ്സ്ലാം നേടുന്നതിനുള്ള സുവര്‍ണാവസരമാണ് ദ്യോകോവിച്ചിന് കൈവന്നിരിക്കുന്നത്.

ഇത് ഏഴാംഗ്രാന്റ്സ്ലാം ഫൈനലിലാണ് ദ്യോകോവിച്ചും മുറെയും ഏറ്റുമുട്ടുന്നത്. മുമ്പ് നടന്ന ആറുഫൈനലുകളില്‍ നാലിലും ദ്യോകോവിച്ചിനായിരുന്നു ജയം.

DONT MISS
Top